ന്യൂദല്‍ഹി: നെഹ്‌റു കുടുംബത്തിന്റെ അധികാര രാഷ്‌ട്രീയത്തില്‍ അവഗണിക്കപ്പെട്ട ദേശീയനേതാക്കള്‍ക്ക് അര്‍ഹി
ക്കുന്ന ആദരവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
നേതാജി സുഭാഷ് ചന്ദ്രബോസ് ‘ആസാദ് ഹിന്ദ് സര്‍ക്കാര്‍’ പ്രഖ്യാപിച്ചതിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന് ദല്‍ഹി ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നേതൃത്വം നല്‍കി. ഇവിടെ ദേശീയ പതാക ഉയര്‍ത്തിയ മോദി പ്രസംഗത്തില്‍ കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ചു.
ഒരു കുടുംബത്തെ മഹത്വവല്‍ക്കരിക്കുന്നതിന് രാജ്യത്തിനുവേണ്ടി പോരാടിയ മറ്റ് ദേശീയ നേതാക്കളെ മനപ്പൂര്‍വം അവഗണിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി. ഡോ. ബി.ആര്‍. അംബേദ്കര്‍, സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍, സുഭാഷ്ചന്ദ്ര ബോസ് തുടങ്ങിയ രാജ്യത്തിന്റെ മഹത്തായ പുത്രന്മാരെ തഴഞ്ഞു. എല്ലാ പ്രശംസകളും ഒരു കുടുംബത്തിലേക്ക് മാത്രം കേന്ദ്രീകരിച്ചു.
പട്ടേലിന്റെയും നേതാജിയുടെയും ഉപദേശങ്ങള്‍ ഇന്ത്യക്ക് ലഭിക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല.
ഇത് തിരുത്താനുള്ള ശ്രമമാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റേത്. ഇന്ത്യ ആരുടെയും ഭൂമിയില്‍ കണ്ണുവയ്‌ക്കുന്നില്ലെന്നും എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്താല്‍ ഇരട്ടി ശക്തിയോടെ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേതാജിയുടെ പേരില്‍ പോലീസുകാര്‍ക്ക് ദേശീയ അവാര്‍ഡ് നല്‍കും, പ്രധാനമന്ത്രി പറഞ്ഞു.
നെഹ്‌റു കുടുംബം അവഗണിച്ച ദേശീയ നേതാക്കള്‍ക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കുമെന്ന് മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. അംബേദ്കറുടെയും പട്ടേലിന്റെയും ജന്മദിനങ്ങളില്‍ വിപുലമായ പരിപാടികളും നടത്തി. എന്നാല്‍ ബിജെപി നേതാജിയെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
















