മയാമി: ചില തോല്‍വികള്‍ വിജയങ്ങളെക്കാള്‍ വലുതാണ്. ലോകചാമ്പ്യന്‍ അര്‍ജന്റീനയെ മുട്ടുകുത്തിക്കാന്‍ തൊട്ടരികിലെത്തിയ കേപ് വെര്‍ദെ ഒടുവില്‍ 2-3ന് പരാജയപ്പെട്ടെങ്കിലും, 120 മിനിറ്റില്‍ അവര്‍ എഴുതിയത് ഫുട്‌ബോളിന്റെ ഏറ്റവും മനോഹരമായ പ്രതിരോധഗാഥകളിലൊന്നാണ്. 120 മിനിറ്റോളം ലോകചാമ്പ്യന്‍മാരെ വിറപ്പിച്ച ഒരു ചെറിയ ദ്വീപ് രാജ്യം. തോറ്റിട്ടും ലോകത്തിന്റെ ഹൃദയം കീഴടക്കിയ ഒരു അരങ്ങേറ്റ ടീം. കേപ് വെര്‍ദെയുടെ സ്വപ്‌നപ്പോരാട്ടത്തിന് ഒടുവില്‍ തിരശ്ശീല വീണത് ഒരു സെല്‍ഫ് ഗോളിലൂടെയായിരുന്നെങ്കിലും, അര്‍ജന്റീനയുടെ 3-2 വിജയത്തേക്കാള്‍ കൂടുതല്‍ ഓര്‍മിക്കപ്പെടുക ഭയമില്ലാതെ പൊരുതിയ ആ ധീരരുടെ കഥയായിരിക്കും. അതെ, മെസിയുടെ അര്‍ജന്റീന ക്വാര്‍ട്ടറിലെത്തിയെങ്കിലും കേപ് വെര്‍ദെ ലോകത്തിന്റെ കൈയടികളുമായാണ് മടങ്ങിയത്. ക്വാര്‍ട്ടറില്‍ ഈജിപ്താണ് അര്‍ജന്റീനയുടെ എതിരാളികള്‍.
മയാമിയില്‍ പാറപോലെ കേപ്പ്
മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ കാണികള്‍ക്കുമുന്നില്‍ മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ കേപ് വെര്‍ദെ അര്‍ജന്റീനയെ ഞെട്ടിച്ചു. സ്‌റ്റേഡിയത്തിന്റെ പേര് അനുസ്മരിപ്പിക്കുന്ന മട്ടില്‍ പാറപോലെ ശക്തമായ പ്രതിരോധവും കൗണ്ടര്‍ ആക്രമണങ്ങളും ഉപയോഗിച്ച് അവര്‍ ലോകചാമ്പ്യന്‍മാരുടെ താളം തെറ്റിച്ചു. ഗോള്‍കീപ്പര്‍ വോസീഞ്ഞയുടെ അതിശയകരമായ സേവുകളാണ് അര്‍ജന്റീനയെ ആദ്യ പകുതിയില്‍ പലതവണ നിരാശപ്പെടുത്തിയത്.
എന്നാല്‍ 29-ാം മിനിറ്റില്‍ പതിവുപോലെ മെസി എത്തി. ബോക്സിനുള്ളില്‍ ലഭിച്ച അവസരം കൃത്യമായി ഫിനിഷ് ചെയ്ത് അര്‍ജന്റീനയെ മുന്നിലെത്തിച്ചു.
ഈ ലോകകപ്പില്‍ മെസി നേടുന്ന ഏഴാമത്തെ ഗോളും ആറ് ലോകകപ്പുകളിലായി അദ്ദേഹം നേടുന്ന 20-ാമത്തെ ഗോളുമായിരുന്നു ഇത്. ലോകകപ്പിലെ തുടര്‍ച്ചയായ എട്ടു മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യതാരമായും മെസി ഈ ഗോളോടെ മാറി. തുടര്‍ച്ചയായി ഗോള്‍ വീണെങ്കിലും കേപ്പ് വെര്‍ദെ തളര്‍ന്നില്ല. നിരന്തര ആക്രമണങ്ങളിലൂടെ കേപ് പൊരുതി. വര്‍ധിത വീര്യത്തോടെ ആദ്യ പകുതി 1-0ന് അവസാനിച്ചു. രണ്ടാം പകുതിയില്‍ കേപ് വെര്‍ദെ കൂടുതല്‍ ധൈര്യത്തോടെ കളിച്ചു. നിരവധി പ്രത്യാക്രമണങ്ങള്‍ അര്‍ജന്റൈന്‍ ഗോള്‍ മുഖത്തെ വിറപ്പിച്ചു. കേവലം പ്രതിരോധം മാത്രമല്ല, തങ്ങളുടെ ആയുധമെന്നും ആക്രണമാണ് ഞങ്ങളുടെ മറ്റൊരു ശക്തിയെന്നും അവര്‍ ലോകത്തെ കാണിച്ചു.
59-ാം മിനിറ്റില്‍ ഡെറോയ് ഡുവാര്‍ട്ടെയുടെ ഗോളിലൂടെ അവര്‍ സമനില പിടിച്ചു. എമിലിയാനോ മാര്‍ട്ടിനെസിനെ വെറും കാഴ്ചക്കാരനാക്കുന്ന ഗോള്‍. ലോകചാമ്പ്യന്‍മാര്‍ക്കെതിരെ ഒരു അരങ്ങേറ്റ ടീം യാതൊരു ഭയവുമില്ലാതെ പൊരുതുന്ന കാഴ്ച ലോക ഫുട്‌ബോളിനെ വിസ്മയിപ്പിച്ചു.
90 മിനിറ്റില്‍ വിജയിയെ കണ്ടെത്താനാകാതെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. ഈ മത്സരത്തെ എക്‌സ്ട്രാ ടൈം വരെ എത്തിച്ചതില്‍ കേപ് വെര്‍ദെയുടെ 40 വയസ്സുകാരന്‍ ഗോള്‍കീപ്പര്‍ വൊസീഞ്ഞ നടത്തിയ പ്രകടനം ഉപമകളില്ലാത്തതാണ്. പോര്‍ച്ചുഗലിലെ രണ്ടാം ഡിവിഷനില്‍ കളിക്കുന്ന ഒരു ‘വെറ്ററന്‍’ ഗോളിക്കു മുന്നില്‍ ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റനിര വിറങ്ങലിച്ചു. മെസി പോലും ഒരു വേള അമ്പരന്ന സേവാണ് വൊസീഞ്ഞ നടത്തിയത്. ലയണല്‍ മെസി പന്തുമായി മുന്നേറി നേര്‍ക്കുനേര്‍വന്ന പോരാട്ടത്തില്‍ വൊസീഞ്ഞ നിഷ്പ്രയാസമാണ് മെസിയെ തടുത്തത്.
എക്‌സ്ട്രാ ആവേശം
എക്‌സ്ട്രാ ടൈമിന്റെ ആദ്യ മിനിറ്റില്‍ തന്നെ ലിസാന്‍ഡ്രോ മാര്‍ട്ടിനസ് ഹെഡറിലൂടെ അര്‍ജന്റീനയെ വീണ്ടും മുന്നിലെത്തിച്ചു. പക്ഷേ കേപ് വെര്‍ദെ വീണ്ടും തിരിച്ചടിച്ചു. 103-ാം മിനിറ്റില്‍ സിഡ്‌നി കബ്രാലിന്റെ മനോഹരമായ ഗോളിലൂടെ അവര്‍ വീണ്ടും 2-2 സമനില നേടി. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായിരുന്നു അത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിലേക്ക് മത്സരം നീങ്ങുന്നുവെന്ന തോന്നലായിരുന്നു അപ്പോള്‍.
എന്നാല്‍ 111-ാം മിനിറ്റില്‍ നിര്‍ഭാഗ്യം കേപ് വെര്‍ദെയെ തേടിയെത്തി. അര്‍ജന്റീനയുടെ ആക്രമണം തടയാനുള്ള ശ്രമത്തിനിടെ ഡിനെയ് ബോര്‍ജസിന്റെ ശരീരത്തില്‍ തട്ടി പന്ത് സ്വന്തം വലയിലേക്ക് കയറി. ആ സെല്‍ഫ് ഗോളാണ് മത്സരം നിര്‍ണയിച്ചത്. അവസാന മിനിറ്റുകളില്‍ കേപ് വെര്‍ദെ സമനിലയ്‌ക്കായി സര്‍വശക്തിയും പ്രയോഗിച്ചെങ്കിലും എമിലിയാനോ മാര്‍ട്ടിനെസിന്റെ നിര്‍ണായക സേവുകള്‍ അര്‍ജന്റീനയെ രക്ഷിച്ചു.
ഈ വിജയത്തോടെ അര്‍ജന്റീന പ്രീക്വാര്‍ട്ടര്‍ കടന്ന് റൗണ്ട് ഓഫ് 16-ല്‍ ഈജിപ്തിനെ നേരിടും. എന്നാല്‍ വിജയത്തേക്കാള്‍ കൂടുതല്‍ ചര്‍ച്ചയായത് കേപ് വെര്‍ദെയുടെ പ്രകടനമാണ്. ലോകകപ്പില്‍ ആദ്യമായി കളിച്ച ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ അവര്‍ നിലവിലെ ചാമ്പ്യന്‍മാരെ 120 മിനിറ്റ് വിറപ്പിച്ച് ലോക ഫുട്‌ബോളിന്റെ ആദരവ് നേടി.
ഗോള്‍ വന്ന വഴി
29′ ലയണല്‍ മെസി (അര്‍ജന്റീന) 1-0 അസിസ്റ്റ്: ലിസാന്‍ഡ്രോ മാര്‍ട്ടിനസ്.
പ്രതിരോധനിരയില്‍ നിന്ന് ലിസാന്‍ഡ്രോ മാര്‍ട്ടിനസ് നല്‍കിയ കൃത്യമായ ലോങ് പാസ് കേപ് വെര്‍ദെ ഡിഫന്‍സിന് പിന്നിലേക്ക് ഓടിക്കയറിയ മെസിയുടെ കാലിലെത്തി. ആദ്യ ടച്ചില്‍ തന്നെ പന്ത് നിയന്ത്രിച്ച മെസി ഗോള്‍കീപ്പര്‍ വോസിഞ്ഞയെ മറികടന്ന് ഇടതുകാലന്‍ ഷോട്ടിലൂടെ വലകുലുക്കി.
59′ ഡെറോയ് ഡുവാര്‍ട്ടേ (കേപ് വെര്‍ദെ) 1-1
വേഗമേറിയ കൗണ്ടര്‍ ആക്രമണത്തിനൊടുവില്‍ വലതുവിങ്ങിലൂടെ റെഡയാന്‍ മെന്‍ഡസ് നല്‍കിയ പാസ് ബോക്‌സിനുള്ളിലേക്ക്. പാസ് ലഭിച്ച പന്ത് ഡുവാര്‍ട്ടേ ബോക്‌സിന്റെ വലതുപാര്‍ശ്വത്തില്‍നിന്ന് തൊടുത്ത നിലംപറ്റിയ ഷോട്ടിലൂടെ എമിലിയാനോ മാര്‍ട്ടിനസിനെ കീഴടക്കി സമനില കണ്ടെത്തി.
92′ ലിസാന്‍ഡ്രോ മാര്‍ട്ടിനസ് (അര്‍ജന്റീന) 2-1
എക്‌സ്ട്രാ ടൈമിന്റെ തുടക്കത്തില്‍ ലഭിച്ച കോര്‍ണര്‍ എടുത്തത് മെസി. ഉയര്‍ത്തി നല്‍കിയ ക്രോസില്‍ ബോക്‌സിനുള്ളില്‍ അര്‍ജന്റൈന്‍ താരത്തിന്റെ ഹെഡല്‍ പാസ് സ്വീകരിച്ച് ലിസാന്‍ഡ്രോ മാര്‍ട്ടിനസ് ഗോള്‍ നേടി അര്‍ജന്റീനയെ വീണ്ടും മുന്നിലെത്തിച്ചു.
103′ സിഡ്‌നി കബ്രാല്‍ (കേപ് വെര്‍ദെ) 2-2
ബോക്‌സിന് പുറത്തുനിന്ന് മനോഹരമായ കര്‍ളിംഗ് ഷോട്ടിലൂടെ കബ്രാല്‍ വീണ്ടും സമനില പിടിച്ചു. ടൂര്‍ണമെന്റിലെ മികച്ച ഗോളുകളിലൊന്നായി ഈ ഗോള്‍ വിലയിരുത്തപ്പെട്ടു.
111′ ഡിനെയ് ബോര്‍ജസ്
(സെല്‍ഫ് ഗോള്‍) അര്‍ജന്റീന 3-2
ലയണല്‍ മെസിയുടെ കോര്‍ണറില്‍ റൊമേറോ ഉയര്‍ന്ന് ഹെഡര്‍ ചെയ്തപ്പോള്‍ പന്ത് കേപ് വെര്‍ദെ പ്രതിരോധതാരം ഡിനെയ് ബോര്‍ജസിന്റെ ശരീരത്തില്‍ തട്ടി സ്വന്തം വലയിലേക്ക് കയറി.
















