ന്യൂദല്‍ഹി: കേന്ദ്രസഹമന്ത്രി എം.ജെ. അക്ബറിനെതിരെ ഉയര്‍ന്നിരിക്കുന്ന മീ ടൂ ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മീ ടൂ ആരോപണങ്ങള്‍ ശരിയാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങള്‍ ഉന്നയിച്ചവരെയും കൂടുതല്‍ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. നിങ്ങള്‍ക്ക് എന്റെ പേര് പറഞ്ഞ് എന്തും എവിടെയും പോസ്റ്റ് ചെയ്യാം. പക്ഷേ അതിന്റെ സത്യാവസ്ഥ തിരിച്ചറിയപ്പെടേണ്ടതാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
അതേസമയം മീ ടൂ വെളിപ്പെടുത്തലുകളെ കറിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വെളിപ്പെടുത്തലുകളെക്കുറിച്ച് നാലംഗ ജുഡീഷ്യല്‍ സമിതി അന്വേഷിക്കും. വിരമിച്ച നാല് ജഡ്ജിമാരാകും സമിതിയിലുണ്ടാവുക.
ആരോപണങ്ങളുടെ നിയമവശം പരിശോധിച്ച ശേഷം പൊതുജനാഭിപ്രായവും തേടിയായിരിക്കും സമിതി കേസുകള്‍ രജിസ്റ്റര്‍ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുക. മീ ടൂ വെളിപ്പെടുത്തലുകളെ നേരത്തെ തന്നെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി സ്വാഗതം ചെയ്തിരുന്നു.
പീഡന ആരോപണങ്ങള്‍ പത്തോ പതിഞ്ചോ വര്‍ഷങ്ങള്‍ക്ക് ശേഷവും ഉന്നയിക്കുന്നതിന് പ്രശ്‌നമില്ലെന്നും അവര്‍ പറഞ്ഞു.
















