പത്തനംതിട്ട: ശബരിമല വിഷയത്തില്‍ രണ്ടാം വിമോചനസമരമല്ല, വിശ്വാസികളുടെ സമരമാണ് നടക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.
പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം വെടിയണം. സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാനും ഓര്‍ഡിനന്‍സ് പുറത്തിറക്കാനും തയാറാകണം. നിയമനിര്‍മാണം നടത്തി സുപ്രീംകോടതി വിധിയെ മറികടക്കാനുള്ള സാധ്യത ആരായണം. വിശ്വാസികളുടെ സമരമാണിതെന്നും ഇതിന്റെ പേരില്‍ പമ്പാനദിക്ക് ചോരയുടെ നിറമുണ്ടാകാന്‍ സര്‍ക്കാര്‍ ഇടയാക്കരുതെന്നും പ്രയാര്‍ പറഞ്ഞു.
വിശ്വാസികളുടെ സമരത്തിന് എല്ലാമതങ്ങളിലെയും ഈശ്വരവിശ്വാസികളുടെ പിന്തുണയുണ്ട്. ദേവസ്വം ബോര്‍ഡ് നിലപാടുകളില്‍ ചില അയവ് വന്നിട്ടുണ്ട്. 16ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കലും 17ന് പമ്പയിലും പ്രാര്‍ഥനായജ്ഞം നടത്തും.
വിശ്വാസികളുടെ കുടുംബങ്ങളില്‍ നിന്ന് സ്ത്രീകള്‍ ആരും പോകില്ല. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ പിന്നെ താന്‍ ശബരിമല ദര്‍ശനത്തിന് പോകിെല്ലന്നും പ്രയാര്‍ പറഞ്ഞു. അയ്യപ്പചൈതന്യം നഷ്ടമാകും. ചൈതന്യം നഷ്ടമായ ഒരു ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിക്കുന്നതിലും നല്ലത് വീട്ടില്‍ അയ്യപ്പന്റെ ചിത്രത്തിനു മുമ്പില്‍ പ്രാര്‍ഥിക്കുകയാണ്. യുവതികളോടുള്ള വിരോധം കൊണ്ടല്ല അവര്‍ പോകരുതെന്ന് പറയുന്നത്. അവിടുത്തെ പ്രതിഷ്ഠയുടെ പ്രത്യേകത കൊണ്ടാണ്. അത് ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
















