പീരുമേട്: വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ പശുമല പുതുവലില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ തോട്ടമുടമ കൈയേറുന്നതായി പരാതി. ഈ പ്രദേശത്തെ കുടുംബങ്ങള്‍ പതിറ്റാണ്ടുകളായി ഉപയോഗിച്ച് വന്നിരുന്ന വഴി അടച്ചാണ് കൈയേറ്റം.
മൂന്നേക്കറോളം വരുന്ന റവന്യൂ ഭൂമിയില്‍ കാപ്പിക്കൃഷിയാണ് നടത്തുന്നത്. ഈ പ്രദേശത്തെ വീട്ടുകാര്‍ സംഘടിച്ച് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താന്‍ അധികൃതര്‍ തയാറാവുന്നില്ലെന്ന ആക്ഷേപവുമുണ്ട്. 1985ല്‍ 100 ഏക്കര്‍ മിച്ചഭൂമി നല്‍കിയ ഇവിടെ അന്ന് തേക്കിന്‍ കാട് ആയിരുന്നതിനാല്‍ മാറ്റിയിട്ട സ്ഥലമാണ് നിലവില്‍ കയ്യേറുന്നത്. സര്‍വേ നമ്പര്‍ 183/1 നോട് ചേര്‍ന്ന് കിടക്കുന്ന സര്‍വേ നമ്പര്‍ 498ലെ ഭൂമിയാണിത്. കഴിഞ്ഞ അഞ്ചിന് പരാതി നല്‍കിയെങ്കിലും മഞ്ചുമല വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി പരിശോധന നടത്താന്‍ തയാറായിട്ടില്ല.
പരാതിക്കാര്‍ ഓഫീസറുമായി വീണ്ടും ബന്ധപ്പെട്ടപ്പോള്‍ വണ്ടിയുമായി വന്നാല്‍ വരാമെന്നായിരുന്നു മറുപടി. സംഭവം അറിഞ്ഞില്ലെന്നും വില്ലേജ് ഓഫീസറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് തേടുമെന്നും പീരുമേട് ലാന്‍ഡ് ആന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ജാഫര്‍ ജന്മഭൂമിയോട് പറഞ്ഞു.
















