തിരുവനന്തപുരം: ഒഡീഷ, ആന്ധ്ര തീരപ്രദേശങ്ങളില്‍ ഇന്നലെയുണ്ടായ തിത് ലി ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്നു സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം. വൈകിട്ട് ആറ് മണി മുതല്‍ 11 മണി വരെ അര മണിക്കൂറാണു നിയന്ത്രണം. ചുഴലിക്കൊടുങ്കാറ്റില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു വൈദ്യുതി എത്തിക്കുന്ന നിരവധി അന്തര്‍ സംസ്ഥാന പ്രസരണ ലൈനുകള്‍ തകരാറിലായിരുന്നു.
താല്‍ച്ചര്‍ – കോളാര്‍ 500 കെവിഡിസി ലൈനും അങ്കൂള്‍ – ശ്രീകാകുളം 765 കെവി ലൈനുമാണു പ്രധാനമായും തകര്‍ന്നത്. ഇക്കാരണത്താല്‍ കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍നിന്നും ലഭിക്കുന്ന വൈദ്യുതിയില്‍ ഏകദേശം 800 മെഗാവാട്ടിന്റെ കുറവുണ്ട്. തകരാറുകള്‍ പരിഹരിച്ച് ലൈനുകള്‍ പ്രസരണ യോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് കെഎസ്ഇബി അറിയിച്ചു. സംസ്ഥാനത്ത് ഇന്നലെയും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പമ്പ് ഹൗസുകള്‍ എന്നിവയെ നിയന്ത്രണത്തില്‍നിന്നും ഒഴിവാക്കാന്‍ കെഎസ്ഇബി ശ്രമിക്കുന്നുണ്ട്. ഇതോടൊപ്പം പുറത്തുനിന്നു കൂടുതല്‍ വൈദ്യുതി എത്തിക്കാനുള്ള ശ്രമവും തുടരുകയാണ്.
















