തിരുവനന്തപുരം: തെരുവ്‌നായ നിയന്ത്രണത്തിന് ഗ്രാമപഞ്ചായത്തുകള്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ മാഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തെരുവ്‌നായ വന്ധ്യംകരണത്തിനുള്ള നടപടി തദ്ദേശസ്ഥാപനങ്ങള്‍ ഉടന്‍ ആരംഭിക്കണം. ഇതിനായി കുടുംബശ്രീയുടെ എബിസി മൈക്രോ യൂണിറ്റുകളെ അടിയന്തരമായി ചുമതലപ്പെടുത്തണം.
പഞ്ചായത്തുകളില്‍ തെരുവ് നായ്‌ക്കളുടെ ശല്യം ഏറ്റവും രൂക്ഷമായ പ്രദേശങ്ങള്‍ വാര്‍ഡ് അംഗങ്ങളുടെ സഹായത്തോടെ കണ്ടെത്തി എബിസി പ്രോഗ്രാം യൂണിറ്റുകള്‍ക്ക് നല്‍കണം. പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിന് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ ഉപസമിതി രൂപീകരിച്ചിട്ടില്ലാത്ത തദ്ദേശസ്ഥാപനങ്ങള്‍ ഉടന്‍ രൂപീകരിക്കണം. ഉപസമിതി രണ്ടാഴ്ചയിലൊരിക്കല്‍ യോഗം ചേര്‍ന്ന് പദ്ധതി പുരോഗതി വിലയിരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
തെരുവ് നായ്‌ക്കളുടെ ആക്രമണത്തില്‍ മരിക്കുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിന് രൂപീകരിച്ച റിട്ട. ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിക്കു മുന്നിലെത്തുന്ന പരാതികളില്‍ യഥാവിധി സത്യവാങ്മൂലം സമര്‍പ്പിക്കണം. തെരുവ്‌നായ ശല്യം ഇല്ലാതാക്കുന്നതിനുള്ള പദ്ധതികള്‍ പഞ്ചായത്തുകള്‍ തനത്, പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ആവിഷ്‌കരിച്ച് നടപ്പാക്കണം.
പ്രോജക്ടുകള്‍ തയാറാക്കി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
















