ഹിസാര്‍: സ്വയംപ്രഖ്യാപിത ആള്‍ദൈവം രാംപാല്‍ രണ്ട് കൊലപാതക്കേസുകളില്‍ പ്രതിയെന്ന് കോടതി. രാംപാലിനൊപ്പം 22 പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.
ശിക്ഷ ഈ മാസം 16, 17 തീയതികളില്‍ വിധിക്കും. കോടതിയലക്ഷ്യക്കേസില്‍ രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ പഞ്ചാബ്-ഹരിയാന കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് ബര്‍വാലയിലെ സത്ലോക് ആശ്രമത്തില്‍ 2014 നവംബറില്‍ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരും അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സ്ത്രീകളും ഒരു കുട്ടിയും കൊല്ലപ്പെട്ട കേസിലും ആശ്രമത്തില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലുമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തി എന്ന കേസില്‍ രാംപാലിനെയും അനുയായികളെയും കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ കോടതി വെറുതെ വിട്ടിരുന്നു.
രാജ്യദ്രോഹം, കൊലപാതകം തുടങ്ങിയ കേസുകളിലാണ് പിന്നീട് വിചാരണ നടന്നത്.
ഈ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഹിസാറില്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തിട്ടുണ്ട്. ജില്ലയില്‍ പോലീസ് ഫ്ളാഗ് മാര്‍ച്ച് നടത്തി.
















