തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള ഇടത്താവളങ്ങളിലെ സൗകര്യം ഏര്‍പ്പെടുത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പ് 4.5 കോടിരൂപ അനുവദിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ 23 പഞ്ചായത്തുകള്‍ക്ക് രണ്ടു കോടി രൂപയും, ആറു മുനിസിപ്പാലിറ്റികള്‍ക്ക് ഒരു കോടി രൂപ വീതവുമാണ് അനുവദിച്ചത്.
കൂടാതെ സ്പെഷ്യല്‍ ഗ്രാന്റായി 1.5 കോടിയും അനുവദിച്ചു. റാന്നി പെരിനാട്, എരുമേലി ഗ്രാമപഞ്ചായത്തുകള്‍ക്ക് 30 ലക്ഷം രൂപ വീതവും, വടശ്ശേരിക്കര പഞ്ചായത്തിന് 20 ലക്ഷവും, കുളനട ഗ്രാമപഞ്ചായത്തിന് 15 ലക്ഷവും, പഴവങ്ങാടി, റാന്നി, അങ്ങാടി, നാറാണമൂഴി, സീതത്തോട്, ചെറുകോല്‍, അയിരൂര്‍, മുത്തോലി, എലിക്കുളം, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, പാറത്തോട്, കുമളി, പെരുവന്താനം, വണ്ടിപ്പെരിയാര്‍, പീരുമേട് പഞ്ചായത്തുകള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതവുമാണ് നല്‍കുക. ചെങ്ങന്നൂര്‍, പത്തനംതിട്ട മുനിസിപ്പാലിറ്റികള്‍ 25 ലക്ഷം, പന്തളം മുനിസിപ്പാലിറ്റി 20 ലക്ഷം, തിരുവല്ല, ഏറ്റുമാനൂര്‍, പാല മുനിസിപ്പാലിറ്റികള്‍ക്ക് 10 ലക്ഷം രൂപ വീതവും നല്‍കും.
ശബരിമലയ്ക്കു ചുറ്റുമുള്ള ആറു ഗ്രാമപഞ്ചായത്തുകള്‍ക്കും, ഗുരുവായൂര്‍ മുന്സിപ്പാലിറ്റിക്കുമാണ് സ്പെഷ്യല്‍ ഗ്രാന്റ് ഇനത്തില്‍ ഫണ്ട് നല്കാന് ഉത്തരവായത്.
എരുമേലി, ചിറ്റാര്‍, റാന്നി-പെരുനാട്, വടശേരിക്കര, സീതത്തോട്, നാറാണമൂഴി എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്ക് 15 ലക്ഷം രൂപ വീതവും, ഗുരുവായൂര്‍ മുനിസിപ്പാലിറ്റിക്ക് 25 ലക്ഷം രൂപയുള്‍പ്പെടെ ഒരു കോടി 15 ലക്ഷം രൂപയാണ് സ്പെഷ്യല്‍ ഗ്രാന്റായി നല്‍കുന്നത്.
















