കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ പരിഗണനയിലിരിക്കെ, അറസ്റ്റ് ചെയ്തത് നിയമലംഘനമാണെന്നാണ് ബിഷപ്പിന്റെ വാദം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കും. ഫ്രാങ്കോയെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന കാര്യവും പോലീസ് ഇന്ന് കോടതിയില്‍ അറിയിക്കും.
കന്യാസ്ത്രീക്കെതിരെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന പരാതിയില്‍ നടപടിയെടുത്തതിന്റെ വൈരാഗ്യമാണ് തനിക്കെതിരെ കേസ് നല്‍കാനുള്ള കാരണം എന്ന് ബിഷപ്പ് ഹര്‍ജിയില്‍ ഉന്നയിക്കുന്നു. വസ്തുത അറിയാത്ത ചില ആളുകളുടെ താല്പര്യത്തിന് വേണ്ടിയാണ് അറസ്റ്റ് ചെയ്തതെന്നും ബിഷപ്പ് ജാമ്യ ഹര്‍ജിയില്‍ വാദിക്കുന്നു.
അതേസമയം പോലീസ് ജാമ്യാപേക്ഷയെ എതിര്‍ത്തേക്കും. ബിഷപ്പിന് ജാമ്യം നല്‍കുന്നത് കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിന് ഇടയാക്കുമെന്ന് പോലീസ് കോടതിയില്‍ വ്യക്തമാക്കും. ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തില്‍ ബിഷപ്പിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കേണ്ടതുണ്ടെന്നും പോലീസ് കോടതിയെ ബോധിപ്പിക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: