വിളപ്പില്‍/തിരുവനന്തപുരം: കാറപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ നിലയില്‍ നേരിയ പുരോഗതി. വെന്റിലേറ്ററില്‍ കഴിയുന്ന ബാലഭാസ്ക്കറില്‍ നിന്ന് ഇന്നലെ ഉച്ചയോടെ നേരിയ പ്രതികരണം ഉണ്ടായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും അപകടനില തരണം ചെയ്തിട്ടുണ്ട്. മൂവരും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.
ബാലഭാസ്ക്കറിന്റെ മകള്‍ തേജസ്വി ബാല (2)യുടെ കുഞ്ഞു ശരീരം ഇന്നലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇതേ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബാലഭാസ്ക്കറിനും ലക്ഷ്മിക്കും ബോധം വന്നതിനു ശേഷം അവരെ കാണിച്ചിട്ടേ സംസ്ക്കാരമുള്ളുവെന്ന തീരുമാനത്തിലാണ് ബന്ധുക്കള്‍. അപകടനില തരണം ചെയ്തെങ്കിലും തല്ക്കാലം ലക്ഷ്മിയോട് തേജസ്വിയുടെ വിയോഗ വാര്‍ത്ത അറിയിച്ചിട്ടില്ലെന്ന് ആശുപത്രിയില്‍ ഒപ്പമുള്ള പിതാവ് സുന്ദരേശന് നായരും സഹോദരന് പ്രസാദും പറഞ്ഞു.
ബാലഭാസ്ക്കറിനും ഭാര്യ ലക്ഷ്മിക്കും വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ കിട്ടിയ കണ്മണിയാണ് തേജസ്വി. കുണ്ടമണ്‍കടവ് തിട്ടമംഗലം ടിആര്‍എ 306, ശിവദത്തില്‍ ദിവസേന ആളുകളുടെ ഒഴുക്കാണ്. തേജസ്വിയെ സംസ്ക്കരിക്കും മുന്‍പ് അവസാനമായി ഒരുനോക്ക് കാണാന്‍ കാത്തിരിക്കുകയാണ് പുലരി നഗര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: