തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ് സംഗീത സംവിധായകന്‍ ബാലഭാസ്‌കറിനെ അടിയന്തിര ശസ്ത്രക്രീയക്കു വിധേയമാക്കി. ശസ്ത്രക്രീയ വിജയമായിരുന്നുവെന്നും 24 മണിക്കൂര്‍ നിരീക്ഷിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഭാര്യ ലക്ഷ്മിയും ഇതേ ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. അപകടത്തില്‍ മരിച്ച ഇവരുടെ മകള്‍ തേജസ്വിനിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നട്ടെല്ലിന് ഗുരുതര പരുക്കാണ് ബാലഭാസ്‌കറിനുണ്ടായിരിക്കുന്നത്. ഇതു കൂടാതെ തോളെല്ലിനും പൊട്ടലുകളുണ്ട്. രക്തസമ്മര്‍ദം താഴ്ന്നത് മൂലം ശസ്ത്രക്രീയ നടത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെയാണ് ശസ്ത്രക്രീയ പൂര്‍ത്തിയാക്കിയത്. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമേ മറ്റു കാര്യങ്ങള്‍ പറയാനാകൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ബാലഭാസ്‌കറിനൊപ്പം കാലിന് ഒടിവ് പറ്റിയ ഭാര്യ ലക്ഷ്മിയുടെ ശസ്ത്രക്രീയയും നടത്തി
പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന മകള്‍ തേജസ്വിനിയുടെ മരണവാര്‍ത്ത ഇരുവരെയും അറിയിച്ചിട്ടില്ല. കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്. വടക്കുംനാഥ ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം തൃശൂരില്‍ നിന്നും തിരുവനന്തപുരത്തെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്.
















