കണ്ണവം: ലോട്ടറിയും ഒരു ദിവസത്തെ കൂലിയും നല്‍കിയില്ലെങ്കില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നൊഴിവാക്കുമെന്ന് ഭീഷണി. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ കണ്ണവത്തെ തൊഴിലുറപ്പു പദ്ധതിയില്‍ ജോലിചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്കാണ് പഞ്ചായത്ത് അധികൃതര്‍ ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയത്.
ദുരിതാശ്വാസനിധിയിലേക്കായി പണം ശേഖരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ വില്‍പ്പന ആരംഭിച്ച 250 രൂപ വിലയുളള ലോട്ടറി ടിക്കറ്റെടുക്കണമെന്നും ഒരു ദിവസത്തെ കൂലി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും ഇല്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ ജോലി നല്‍കില്ലെന്നുമാണ് തൊഴിലുറപ്പ് പദ്ധതിയുടെ ചുമതലയുളള ഉദ്യോഗസ്ഥ തൊഴിലാളികളെ അറിയിച്ചിരിക്കുന്നത്. മാസങ്ങള്‍ കൂടുമ്പോള്‍ നാമമാത്രമായി ലഭിക്കുന്ന തൊഴിലുറപ്പ് ജോലിയില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ തുകയില്‍ നിന്നും ഇത്രയും തുക പിടിച്ചെടുക്കാനുളള അധികൃതരുടെ നീക്കത്തിനെതിരെ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ തൊഴിലാളികളെ ചൂഷണം ചെയ്യാനുളള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.
















