ഷിംല: ഹിമാചല്‍ പ്രദേശില്‍ ട്രക്കിംഗിന് പോയ പോയവിനോദ സഞ്ചാരികള്‍ സുരക്ഷിതരെന്ന് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍ അറിയിച്ചു. 45 പേരും സുരക്ഷിത സ്ഥാനത്താണുള്ളത്. ഇവരുമായി ബന്ധപ്പെട്ടതായി മുഖ്യമന്ത്രി വ്യക്തമാക്കി. 45 പേരടങ്ങുന്ന സംഘമാണ് ട്രക്കിംഗിന് പോയത്. ഇവരില്‍ 35 പേര്‍ റൂര്‍ക്കി ഐഐടി വിദ്യാര്‍ത്ഥികളാണ്. ഹിമാചലിലെ പര്‍വ്വത പ്രദേശങ്ങളായ സ്പിതി, ലഹൗള്‍ ജില്ലകളിലാണ് ഇവര്‍ പെട്ടുപോയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ ഹിമാചലിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയും മഞ്ഞുവീഴ്ചയും തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് മണാലി-ലേഹ് ദേശീയ പാത അടച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മഴയെ തുടര്‍ന്ന് പ്രദേശത്ത് നിരവധി വീടുകള്‍ തകര്‍ന്നു. ബിയാസ് ഉള്‍പ്പടെയുള്ള നദികള്‍അപകടകരമായ രീതിയില്‍ കരകവിഞ്ഞ് ഒഴുകുകയാണ്. നദികളില്‍ നിന്നും പര്‍വതങ്ങളില്‍ നിന്നും അകന്ന് നില്‍ക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പാരഗ്ലൈഡിങ് ഉള്‍പ്പടെയുള്ള സാഹസിക വിനോദങ്ങള്‍ക്ക് ഇവിടെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ മണാലിയില്‍ 46 മലയാളികള്‍ കുടുങ്ങിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നു.എന്നാല്‍ ഇവര്‍ സുരക്ഷിതരാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
















