ഇടുക്കി: പ്രതീക്ഷയോടെ കാത്തിരുന്ന നീലക്കുറിഞ്ഞി വസന്തം മൂന്നാറിലെ കൊളുക്കുമലയില്‍ അതിന്റെ എല്ലാ തികവോടെയും പ്രത്യക്ഷപ്പെട്ടു. ഒരു വ്യാഴവട്ടത്തില്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി തമിഴ്‌നാടിന്റെ അധീനതയില്‍പ്പെട്ട മേഖലയില്‍ പൂത്തുനില്‍ക്കുന്ന കാഴ്ച ആരുടെയും മനം കവരും.
10 ഏക്കറിലധികം വരുന്ന വലിയ മലയിലാണ് ഒന്നിന് പിന്നില്‍ ഒന്നായി നീലക്കുറിഞ്ഞി ആകാശം നോക്കി ചിരിതൂകി പൂവിട്ട് നില്‍ക്കുന്നത്. മനോഹര കാഴ്ച കാണുന്നതിനായി നിരവധി പേരാണ് ദിവസവും ഇങ്ങോട്ട് എത്തുന്നത്. തേനി ദുരന്തം ഉണ്ടായ കുരങ്ങണിമല (മീശപ്പുലിമല)യുടെ സമീപ പ്രദേശമാണ് കൊളുക്കുമല. തെക്കേ ഇന്ത്യയില്‍ ഏറ്റവും അധികം ഉയരത്തില്‍ തേയില കൃഷി ചെയ്തിരിക്കുന്നതും ഈ മേഖലയിലാണ്. ഇങ്ങോട്ടുള്ള സാഹസികയാത്ര ഏവരുടെയും മനം കവരും.
മൂന്നാറില്‍നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് കൊളുക്കുമല സ്ഥിതിചെയ്യുന്നത്. പ്രവേശനത്തിന് വഴിയുള്ളത് കേരളത്തില്‍നിന്ന് മാത്രമാണ്. മൂന്നാറില്‍നിന്ന് ദേവികുളം ഗ്യാപ്പ് റോഡ് ചിന്നക്കനാല്‍ വരെ 20 കിലോമീറ്ററാണ് ദൂരം. ഇവിടെനിന്ന് സംസ്ഥാന അതിര്‍ത്തിയായ സൂര്യനെല്ലി (10 കിലോമീറ്റര്‍) വരെ വാഹനങ്ങള്‍ എത്തും. ഇവിടെ നിന്ന് അഞ്ച് കിലോ മീറ്റര്‍ ദൂരം ജീപ്പുകളില്‍ മാത്രമാണ് യാത്ര ചെയ്യാനാവൂ.
ഇങ്ങോട്ട് എത്തുന്നവര്‍ക്കായി തമിഴ്‌നാട് പാസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതേസമയം മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനത്തിലേക്ക് എത്തുന്നവരുടെ തിരക്കും കൂടിവരുകയാണ്. അവധി ദിവസങ്ങള്‍ എത്തിയതോടെ ധാരാളം വിനോദസഞ്ചാരികളും എത്തിത്തുടങ്ങി.
















