ന്യൂദല്‍ഹി : അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കവേ, പാകിസ്ഥാന് കൃത്യമായ മുന്നറിയിപ്പുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത്. പാക് സര്‍ക്കാര്‍ ഭീകരരെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും, അവര്‍ക്ക് നേരെയുള്ള അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്കിന് സമയമായെന്നും അദ്ദേഹം പറഞ്ഞു.
നിരന്തരം ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറി പ്രശ്‌നങ്ങളുണ്ടാക്കുന്ന ഭീകരന്‍മാരെ അമര്‍ച്ച ചെയ്യാന്‍ സൈന്യം തയ്യാറാണ്. സമാധാനം പുനസ്ഥാപിക്കരുതെന്ന് ഉറച്ച തീരുമാനമുള്ളത് പോലെയാണ് അവരുടെ പ്രവര്‍ത്തനം. കശ്മീര്‍ യുവത്വത്തെ ഭിന്നിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഇന്ത്യയില്‍ ചോരപ്പുഴ ഒഴുക്കാനാണ് അവരുടെ തീരുമാനമെന്നും റാവത്ത് പറഞ്ഞു.
പോലീസുകാരെ തട്ടിക്കൊണ്ട് പോയി വധിച്ചതിലൂടെ ഇതാണ് ഇതാണ് തെളിയുന്നത്. നമ്മള്‍ അനുഭവിച്ച അതേ വേദന അവര്‍ അനുഭവിക്കണം എന്നാല്‍ അവര്‍ ചെയ്ത അത്ര പൈശാചികമായ രീതിയിലായിരിക്കില്ല അതെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാനുമായി യുദ്ധത്തിനുള്ള നല്ലസമയം ഇതാണെന്ന രീതിയില്‍ കഴിഞ്ഞ ദിവസവും കരസേനാ മേധാവി പ്രതികരിച്ചിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം തടയുന്നതില്‍ പാക് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഇരുരാജ്യങ്ങളിലേയും വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങിയിരുന്നു.
















