കൊല്ലം: പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ ജീവനക്കാരേയും പെന്‍ഷന്‍കാരേയും പിഴിയുകയും വിദേശ മലയാളികളുടെ മുന്നില്‍ കൈനീട്ടുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ വിവിധ നികുതി കുടിശിക ഇനത്തില്‍ പിരിച്ചെടുക്കാനുള്ളത് സഹസ്രകോടികള്‍.
ലാന്‍ഡ് റവന്യൂ, റവന്യൂ റിക്കവറി ഇനങ്ങളിലായി നാലായിരത്തോളം കോടി രൂപയാണ് കുടിശികയായുള്ളത്. ഇതിന്റെ പകുതിയെങ്കിലും പിരിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കൈനീട്ടലും നിര്‍ബന്ധിത പിരിവും ഒഴിവാക്കാം.
കോടതികളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നികുതി പിരിവിന് നേടിയെടുത്ത സ്റ്റേ മുഖാന്തരമുള്ള തുക കുറച്ചാലും കേരള പുനഃസൃഷ്ടിക്കായി ആയിരക്കണക്കിന് കോടി രൂപ പിരിച്ചെടുക്കാനാകും എന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നു.
നികുതി കുടിശിക പിരിച്ചെടുക്കാനുള്ള പ്രധാന തടസ്സം കോടതികളുടെ സ്റ്റേ ഉത്തരവുകളാണെന്നാണ് സര്‍ക്കാരിന്റെ വാദം. വന്‍കിട കോര്‍പ്പറേറ്റുകളുടേയും തോട്ടം മുതലാളികളുടേയും സര്‍ക്കാരുകളില്‍ സ്വാധീനമുള്ളവരുടേയും സമ്മര്‍ദത്തില്‍ കുടിശിക പിരിച്ചെടുക്കുന്നത് തടഞ്ഞ് സര്‍ക്കാരും സ്റ്റേ നല്‍കാറുണ്ട്. വിവിധ വകുപ്പുകളുടെ അപ്പലറ്റ് അതോറിറ്റികള്‍ നല്‍കുന്ന സ്റ്റേ മൂലവും കുടിശിക പിരിവ് തടസ്സപ്പെടുന്നുണ്ട്. എന്നാല്‍ ഇതെല്ലാം മാറ്റിവെച്ചാലും 777.80 കോടിയിലേറെ രൂപ പിരിച്ചെടുക്കാനുണ്ടെന്നാണ് വിവരാവകാശരേഖ.
റവന്യൂറിക്കവറി ഇനത്തില്‍ മാത്രം 678.36 കോടിയിലേറെ രൂപയാണ് തടസ്സങ്ങള്‍ ഒന്നും ഇല്ലാതെ സര്‍ക്കാരിന് പിരിച്ചെടുക്കാനാവുന്നത്. ലാന്‍ഡ് റവന്യൂ ഇനത്തില്‍ 99.44 കോടി രൂപയും പിരിച്ചെടുക്കാനുണ്ട്. റവന്യൂ റിക്കവറി ഇനത്തില്‍ സര്‍ക്കാര്‍ സ്റ്റേ മാറ്റിയാല്‍ പിരിച്ചെടുക്കാവുന്നത് 762 കോടിയിലേറെ. അപ്പലറ്റ് സ്റ്റേയില്‍ തീരുമാനമെടുത്താല്‍ റവന്യൂ റിക്കവറി ഇനത്തില്‍ 772 കോടിയോളം രൂപ ഖജനാവിലെത്തും. ലാന്‍ഡ് റവന്യൂ ഇനത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് അപ്പലറ്റ് സ്റ്റേയും സര്‍ക്കാര്‍ സ്റ്റേയും ഒഴിവാക്കിയാല്‍ ഖജനാവിലെത്തുക 66 കോടിയിലേറെ രൂപ.
ലാന്‍ഡ് റവന്യൂ ഇനത്തിലും റവന്യൂ റിക്കവറി ഇനത്തിലും കോടതി നല്‍കിയ സ്റ്റേ ഉത്തരവുകളിലൂടെ 1551 കോടിയിലേറെ രൂപയുടെ കുടിശികയാണ് പിരിച്ചെടുക്കാനാവാത്തത്. കോടതിയുടെ പരിഗണനയിലുള്ളത് ഒഴിച്ച് മറ്റ് കുടിശിക സ്റ്റേകളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയും പിരിച്ചെടുക്കുവാനുള്ള ആര്‍ജവം കാണിക്കുകയും ചെയ്താല്‍ 2378 കോടി രൂപ സര്‍ക്കാരിന് മുതല്‍ക്കൂട്ടാകും. എന്നാല്‍ ഇതിനൊന്നും മുതിരാതെ കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന്റെ പേരില്‍ പെന്‍ഷന്‍കാരുടെ നാമമാത്രമായ വരുമാനത്തില്‍പോലും കൈയിട്ടു വാരുന്ന സര്‍ക്കാരിന്റെ നിലപാടാണ് വിമര്‍ശിക്കപ്പെടുന്നത്.
കെ.ജി. മധുപ്രകാശ്
















