ന്യൂദല്‍ഹി: റഫാല്‍ യുദ്ധവിമാനത്തിന്റെ നിര്‍മാണത്തിന് ഇന്ത്യയിലെ പങ്കാളിയായി റിലയന്‍സിനെ ഫ്രഞ്ച് കമ്പനി തെരഞ്ഞെടുത്തതില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഫ്രാന്‍സിലെ ഡസോള്‍ട്ട് ഏവിയേഷനും അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സും തമ്മില്‍ സംയുക്ത സംരംഭം തുടങ്ങിയത് ഇരു കമ്പനികളും തമ്മിലുള്ള വാണിജ്യപരമായ കരാറാണ്. ഇന്ത്യന്‍ സര്‍ക്കാരാണ് റിലയന്‍സിനെ തെരഞ്ഞെടുക്കാന്‍ പറഞ്ഞതെന്ന മുന്‍ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്തെയുടേതെന്ന് പറയുന്ന പ്രതികരണം ചില മാധ്യമങ്ങളില്‍ വന്നതാണ് കേന്ദ്രത്തിന്റെ പ്രതികരണത്തിനു കാരണം.
വ്യവസായ പങ്കാളിയെ തെരഞ്ഞെടുത്തതില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് ഫ്രഞ്ച് സര്‍ക്കാരും തങ്ങളാണ് റിലയന്‍സിനെ തെരഞ്ഞെടുത്തതെന്നും അതില്‍ ഒരു സര്‍ക്കാരിനും പങ്കില്ലെന്നും ഡസോള്‍ട്ട് ഏവിയേഷനും പ്രതികരിച്ചിരുന്നു. ഒളാന്തെയുടേതെന്നു പറയുന്ന പ്രസ്താവനയുടെ പേരില്‍ അനാവശ്യ വിവാദങ്ങളാണ് ഉണ്ടാക്കുന്നത്. വിമാനം നിര്‍മിക്കുന്ന കമ്പനിയാണ് ഇന്ത്യയിലെ പങ്കാളിയെ തെരഞ്ഞെടുത്തത്.
ഇതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ല. ഇന്ത്യയുടെ നയപ്രകാരം വിദേശ കമ്പനികള്‍ക്ക് അവരുടെ ഇന്ത്യയിലെ പങ്കാളികളെ അവര്‍ക്കു തന്നെ നിശ്ചയിക്കാം, പ്രതിരോധ മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. 2017ല്‍ ഡസോള്‍ട്ടും റിലന്‍യസും ചേര്‍ന്നാരംഭിച്ച സംയുക്ത സംരംഭം പൂര്‍ണമായും ഇരു കമ്പനികളും തമ്മിലുള്ള വാണിജ്യക്കരാറാണ്.
യുപിഎ ഭരണകാലത്ത് 126 വിമാനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കിന് ടെന്‍ഡര്‍ നല്‍കിയത് ഡസോള്‍ട്ടായിരുന്നു. ഇക്കാര്യം അന്ന് പ്രഖ്യാപിച്ച് രണ്ടാഴ്ചയ്‌ക്കുള്ളിലാണ് ഡസോള്‍ട്ട് റിലയന്‍സുമായി കരാര്‍ ഉണ്ടാക്കിയത്. 2012 ഫെബ്രുവരിയിലെ മാധ്യമറിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
















