കൊച്ചി: ബലാത്സംഗക്കേസില്‍ ഒരു ബിഷപ്പ് അറസ്റ്റിലാകുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യത്തെ സംഭവം. കൂവിവിളിച്ച് കൊണ്ടാണ് ബിഷപ്പിനെ ജനക്കൂട്ടം എതിരേറ്ററ്റ്. കനത്ത സുരക്ഷയാണ് ബിഷപ്പിന് പോലീസ് ഒരുക്കുന്നത്. പോലീസ് ക്ലബ്ബും കനത്ത സുരക്ഷാ വലയത്തിലാണ്.
ജലന്ധറിലെ 9 മണിക്കൂര്‍ മൊഴിയെടുപ്പും തൃപ്പൂണിത്തുറയിലെ 23 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനും ഒടുവിലാണ് ബിഷപ്പിന്റെ അറസ്റ്റ് വെള്ളിയാഴ്ച വൈകിട്ട് പോലീസ് രേഖപ്പെടുത്തിയത്. പിന്നാലെ ബിഷപ്പിന് നെഞ്ചുവേദനയും തുടങ്ങി. കോട്ടയം മെഡിക്കല്‍ കോളേജിലെത്തി നടത്തിയ പരിശോധനയില്‍ ബിഷപ്പിന് കുഴപ്പങ്ങളൊന്നും ഇല്ല എന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് ബിഷപ്പിനെ ഡിസ്ചാര്‍ജ് ചെയ്ത് കോട്ടയം പോലീസ് ക്ലബ്ബിലെത്തിച്ചത്.
ഉച്ചയ്‌ക്കുമുന്‍പ് പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനും സാധ്യതയുണ്ട്. മൂന്നുദിവസം കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെടും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും കുറവിലങ്ങാട് മഠത്തിലടക്കം തെളിവെടുപ്പ് നടത്തുന്നതിനുമാണ് ഫ്രാങ്കോയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക. കൂടാതെ ഫ്രാങ്കോയുടെ ലൈംഗികശേഷി പരിശോധനയും നടത്തേണ്ടതുണ്ട്.
അതേസമയം, ബിഷപ്പിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ ഹാജരാക്കാനാണ് അഭിഭാഷകരുടെ തീരുമാനം. ജാമ്യം നല്‍കണമെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കുന്ന ആളാണ് ബിഷപ്പ്, അതിനാല്‍ വിളിക്കുമ്പോള്‍ ഹാജരാകന്‍ തയ്യാറാണെന്നും കോടതിയില്‍ വാദിക്കും. എന്നാല്‍, ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബിഷപ്പിന് വേണ്ടി അഡ്വ ബി രാമന്‍പിള്ള ഹാജരായേക്കുമെന്നാണ് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് രാമന്‍പിള്ള.
















