ന്യൂദല്‍ഹി : വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ബിജെപി നിര്‍വ്വാഹക സമിതി യോഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മുതിര്‍ന്ന ഭാരവാഹികളുടെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗം വൈകിട്ട് ജന്‍പഥിലെ ഡോ. അംബേദ്ക്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കും. ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍വാഹക സമിതിയോഗം ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് 4ന് സമാപനസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റു ദേശീയ നേതാക്കളുടേയും റാലികള്‍ സപ്തംബര്‍ അവസാനത്തോടെ ആരംഭിക്കുകയാണ്. ഇതിന്റെ മുന്നൊരുക്കങ്ങളും മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച ചര്‍ച്ചയും ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ നടക്കും.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ഓര്‍മയ്‌ക്കായി രാജ്യമെങ്ങും കവി സമ്മേളനങ്ങളും സേവാ പ്രവര്‍ത്തനങ്ങളും ബിജെപി സംഘടിപ്പിക്കുന്നുണ്ട്. ദേശീയ നിര്‍വാഹക സമിതിയോഗശേഷം പ്രധാനമന്ത്രി, ദേശീയ അധ്യക്ഷന്‍, മുന്‍ ദേശീയ അധ്യക്ഷന്മാരായ എല്‍.കെ. അദ്വാനി, രാജ്നാഥ്സിങ്, നിതിന്‍ ഗഡ്കരി, മറ്റു മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന മഹാറാലികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ആരംഭിക്കും. ചെറുതും വലുതുമായ ആയിരത്തോളം റാലികളാണ് ഈവര്‍ഷം മാത്രം ബിജെപി സംഘടിപ്പിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തന പുരോഗതി നിര്‍വാഹക സമിതിയില്‍ ചര്‍ച്ച ചെയ്യും.
ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ നേട്ടങ്ങള്‍ നിര്‍വാഹക സമിതിയോഗത്തില്‍ ദേശീയ അധ്യക്ഷന്‍ വിവരിക്കും. മോദി സര്‍ക്കാര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ദല്‍ഹിയിലെ ഏറ്റവും വലിയ സ്മാരകങ്ങളിലൊന്നായ ഡോ. അംബേദ്ക്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ ഇതാദ്യമായി നടക്കുന്ന ബിജെപി പരിപാടി ദളിത്-പിന്നാക്ക വിഭാഗങ്ങളെ പാര്‍ട്ടിയുമായി കൂടുതല്‍ ചേര്‍ത്തു നിര്‍ത്താന്‍ ലക്ഷ്യമിടുന്നു.
കേരളത്തില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍, ഒ. രാജഗോപാല്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ശോഭാ സുരേന്ദ്രന്‍, എം. ഗണേശന്‍, കെ. സുഭാഷ് എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
















