ന്യൂദല്‍ഹി: ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രം. 114 യുദ്ധവിമാനങ്ങള്‍ 20 ബില്ല്യണ്‍ (1.4 ലക്ഷം കോടി രൂപ)തുകയ്‌ക്ക് വാങ്ങാനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.
പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിലാണ് തീരുമാനമെടുത്തത്. ഈ മാസമോ അടുത്ത മാസം ആദ്യമോ തീരുമാനങ്ങള്‍ കേന്ദ്രത്തിനു സമര്‍പ്പിക്കും. പ്രാരംഭ നടപടികള്‍ പ്രതിരോധ മന്ത്രാലയം തുടങ്ങിക്കഴിഞ്ഞു.
പദ്ധതിപ്രകാരം 18 യുദ്ധവിമാനങ്ങള്‍ മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും വാങ്ങും. ബാക്കിയുള്ളവ തന്ത്രപരമായ പങ്കാളിത്ത വ്യവസ്ഥ (എസ്പി) നയത്തിലൂടെ വിദേശ വ്യോമയാന കമ്പനിയും ഇന്ത്യയും ചേര്‍ന്നാണ് നിര്‍മിക്കുക.
ഇന്ത്യയുമായുള്ള ഈ വന്‍ കരാറിന് സജ്ജരായി റഷ്യയുടെ സുഖോയ്-35 ഉള്‍പ്പെടെയുള്ളവ മുന്‍നിരയിലുണ്ട്. ഏപ്രിലിലാണ് ഈ കരാറിനായി വ്യോമസേന ആഗോള ടെന്‍ഡര്‍ ക്ഷണിച്ചത്. അമേരിക്കയില്‍നിന്നുള്ള എഫ്/എ-18, എഫ്-16, സ്വീഡന്റെ ഗ്രിപ്പന്‍-ഇ, റഷ്യയുടെ മിഗ്-35, ഫ്രാന്‍സിന്റെ യൂറോഫൈറ്റര്‍ ടൈഫൂണ്‍, റഫാല്‍ എന്നീ കമ്പനികളും ടെന്‍ഡന്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ചൈന, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ ഇന്ത്യയ്‌ക്ക് ഏറ്റവും നൂതനവും സാങ്കേതികത്തികവുമുള്ള യുദ്ധവിമാനങ്ങള്‍ കൂടിയേ തീരൂ. നിലവില്‍ ഇന്ത്യന്‍ വ്യോമസേനയ്‌ക്കുള്ളത് 31 സ്‌ക്വാഡ്രണ്‍ യുദ്ധ വിമാനങ്ങളാണ്. ഇവയുടെ കാലാവധി പൂര്‍ത്തിയായാല്‍ ഇന്ത്യന്‍ വ്യോമസേന തീര്‍ത്തും ദുര്‍ബലമാകും. 16 മുതല്‍ 18 വരെ യുദ്ധവിമാനങ്ങളുള്ള 42 സ്‌ക്വാഡ്രണുകളെങ്കിലും വ്യോമസേനയ്‌ക്ക് വേണമെന്നാണ് കരുതുന്നത്. ഇതിനെ മുന്‍നിര്‍ത്തിയാണ് പ്രതിരോധ മേഖലയെ കരുത്താര്‍ജ്ജിക്കാനുള്ള പുതിയ തീരുമാനം.
















