കൊല്‍ക്കത്ത: തെക്കന്‍ കൊല്‍ക്കത്തയിലെ ബെഹാലാ മേഖലയിലെ ആള്‍പാര്‍പ്പില്ലാത്ത പുരയിടത്തില്‍ നിന്ന് കണ്ടെത്തിയത് നവജാത ശിശുക്കളുടെ അസ്ഥികൂടങ്ങളല്ലെന്ന് പോലീസ്. പരിശോധനയില്‍ ആശുപത്രിയിലെ മാലിന്യങ്ങളാണ് കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.
പുരയിടത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ജീവനക്കാരാണ് പ്ലാസ്റ്റിക്ക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുക്കളുടെതെന്ന് തോന്നിപ്പിക്കുന്ന അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹരിദേവ്പൂറിലെ പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയും കവറുകളില്‍ കണ്ടെത്തിയത് നവജാത ശിശുക്കളുടെ അസ്ഥികൂടമല്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
അതേസമയം കവറുകളില്‍ കണ്ടെത്തിയത് എന്ത് മാലിന്യമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഫോറന്‍സിക് പരിശോധന നടത്തിയാല്‍ മാത്രമേ എന്ത് മാലിന്യമാണ് കവറുകളില്‍ കണ്ടെത്തിയത് എന്ന് വ്യക്തമാകൂ.
















