ന്യൂദല്‍ഹി: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പാര്‍ലമെന്റംഗങ്ങളും സംഭാവന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതി(എംപിലാഡ്)യുടെ 21-ാമത് അഖിലേന്ത്യ അവലോകന യോഗത്തില്‍ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ്, പദ്ധതി നിര്‍വ്വഹണ മന്ത്രി ഡി.വി സദാനന്ദ ഗൗഡയാണ് ഇക്കാര്യം നിര്‍ദേശിച്ചത്. രാജ്യസഭാധ്യക്ഷന്‍ എം. വെങ്കയ്യ നായിഡുവും ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനും നേരത്തെ ഇക്കാര്യങ്ങള്‍ എംപിമാരോട് ആവശ്യപ്പെട്ടിരുന്നു. എംപിലാഡില്‍ നിന്ന് എല്ലാ പാര്‍ലമെന്റംഗങ്ങളും ഒരുകോടി രൂപ വീതം കേരളത്തിന് നല്‍കണമെന്നായിരുന്നു നിര്‍ദേശം.
ജീവനും, സ്വത്തിനും വ്യാപക നാശനഷ്ടമുണ്ടാക്കിയ കേരളത്തിലെ പ്രളയത്തെ തുടര്‍ന്നുള്ള പുനരധിവാസത്തിനായി പരമാവധി സഹായം നല്‍കണം. നിര്‍ദ്ദേശിക്കപ്പെട്ട യോഗ്യമായ പ്രവൃത്തികള്‍ക്ക് എത്രയും വേഗം അനുമതി നല്‍കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ ശ്രദ്ധിക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.
എംപിലാഡ് പദ്ധതി പ്രകാരമുള്ള തുക പരമാവധി വിനിയോഗിച്ച സംസ്ഥാനങ്ങളില്‍ കേരളവും ഉള്‍പ്പെടും. മഹാരാഷ്‌ട്ര, തമിഴ്‌നാട്, എന്നി സംസ്ഥാനങ്ങളും ലക്ഷ്വദീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ച പട്ടികയില്‍പ്പെടുന്നത്.
















