ചണ്ഡീഗഢ്: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യമെങ്ങു നിന്നും സഹായം പ്രവഹിക്കുകയാണ്. കൂട്ടത്തില്‍ ചണ്ഡീഗഢിലെ പഞ്ച്കുളയില്‍ നിന്നുള്ള ‘സഹായധനം’ വ്യത്യസ്തമാകുന്നു. അഴിമതിക്കേസ് പ്രതികളായ മൂന്നുപേരോട് പഞ്ച്കുളയിലെ സിബിഐ കോടതി ജഡ്ജി ജഗ്ദീപ് സിങ് ആവശ്യപ്പെട്ടത് 45,000 രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ്. വിചാരണയ്‌ക്ക് എത്താതിരുന്നതിന് പിഴയെന്ന നിലയിലാണ് ജഡ്ജിയുടെ ഉത്തരവ്.
ഒരു സ്വകാര്യ കമ്പനിയില്‍ നിന്ന് മൂന്നു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ കഴിഞ്ഞ ഫെബ്രുവരി 27ന് സെന്‍ട്രല്‍ എക്‌സൈസ് മുന്‍ സൂപ്രണ്ടുമാരായ അനില്‍ കുമാര്‍, അജയ് സിങ്, മുന്‍ ഇന്‍സ്‌പെക്ടര്‍ രവീന്ദര്‍ ദഹിയ തുടങ്ങിയവരെ അറസ്റ്റ് ചെയ്തിരുന്നു. മൂവരും 15,000 രൂപ വീതം നല്‍കിയതിന്റെ രസീത് അടുത്ത വിചാരണ തീയതിയായ ഒക്‌ടോബര്‍ ഒന്നിന് മുമ്പ് ഹാജരാക്കാനും ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മെയ് 25ന്, കേസില്‍ രണ്ട് പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിക്കുന്നതിനെത്താന്‍ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതികളും അവരുടെ അഭിഭാഷകരും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് പിഴയ്‌ക്ക് ശിക്ഷിച്ചതും ഈ തുക ദുരിതാശ്വാസത്തിന് നല്‍കാന്‍ ഉത്തരവിട്ടതും.
















