ന്യൂദല്‍ഹി: കീഴാറ്റൂര്‍ സമരക്കാരെ ബിജെപി സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കിളികളെ പിടിക്കാനാണ് ബിജെപിയുടെ ശ്രമം. കേരളാ ഹൗസില്‍ ബിജെപി നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്ന കീഴാറ്റൂര്‍ സമര സമിതി നേതാക്കള്‍ പിന്നിലൂടെ പോകുമ്പോഴായിരുന്നു മാധ്യമങ്ങള്‍ക്ക് മുന്നില്‍ കോടിയേരിയുടെ പരാമര്‍ശം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുന്നത് മുന്‍നിര്‍ത്തിയാണ് ബിജെപിയുടെ നീക്കങ്ങള്‍. കേരള സര്‍ക്കാരിനെ ഒഴിവാക്കി കേന്ദ്രഗതാഗത മന്ത്രാലയം സമരക്കാരുമായി നേരിട്ട് ചര്‍ച്ച നടത്തിയത് തെറ്റാണ്. ഇത്തരം നടപടികള്‍ ഫെഡറല്‍ സംവിധാനങ്ങളുടെ ലംഘനമാണ്. വയല്‍ക്കിളികളെ കൂടെക്കൂട്ടാനുള്ള ബിജെപിയുടെ ശ്രമം മാത്രമാണ് കീഴാറ്റൂര്‍ ബൈപ്പാസ് സമരത്തിന് പിന്നിലെന്നും കോടിയേരി ആരോപിച്ചു.
















