മുംബൈ: സാംഗ്ലിയില്‍ പൂജ്യത്തില്‍നിന്ന് 37 സീറ്റ് വിജയം, ജല്‍ഗാവില്‍ 15 -ല്‍ നിന്ന് 57 സീറ്റ് നേട്ടം; ബിജെപി വിരുദ്ധ നിലപാടുമായി ശിവസേന ഇടഞ്ഞു നിന്നിട്ടും മഹാരാഷ്‌ട്രയിലെ രണ്ട് നഗരസഭകളിലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. സാംഗ്ലി, ജല്‍ഗാവ് നഗരസഭകളില്‍ ജൂലൈ 31 നായിരുന്നു വോട്ടെടുപ്പ്. ഈ വോട്ടെടുപ്പിനു മുമ്പാണ് ബിജെപിയെ ശിവസേന വെല്ലുവിളിച്ചത്.
ശിവസേന ബിജെപിയോടു ചേര്‍ന്ന് മത്സരിച്ച ജല്‍ഗാവില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് പ്രാദേശിക ശിവസേനാ നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഇതുവരെ വന്ന ഫലപ്രകാരം, ബിജെപിക്ക് 57 സീറ്റുകിട്ടി. ശിവസേനക്ക് 15 സീറ്റും. ആകെ 75 സീറ്റാണിവിടെ. കോണ്‍ഗ്രസും എന്‍സിപിയും ഒന്നിച്ച് മത്സരിക്കുന്നു. 2013 മുതല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയാണിത്. ബിജെപിക്ക് 2013 ലെ തെരഞ്ഞെടുപ്പില്‍ ഇവിടെ 15 സീറ്റേ ഉണ്ടായിരുന്നുള്ളു.
ബിജെപിക്ക് പൊതുവേ മുന്‍തൂക്കമുള്ളതാണ് വടക്കന്‍ മഹാരാഷ്‌ട്രയിലെ ജല്‍ഗാവ്. കേന്ദ്ര ജലവിഭവ വകുപ്പുമന്ത്രി ഗിരീഷ് മഹാജന്റെ മണ്ഡലമാണിവിടം. ശിവസേനാ നേതാവ് സുരേഷ് ദാദാ ജെയിന്‍ രൂപീകരിച്ച പ്രാദേശിക പാര്‍ട്ടി ഖാണ്ഡേഷ് വികാസ് അഖാഡി (കെവിഎ)യുമായി ബിജെപി സഖ്യത്തിലായിരുന്നു. ശിവസേനയായിരുന്നു മുഖ്യഎതിരാളി. 303 സ്ഥാനാര്‍ഥികള്‍ മത്സരിക്കാനുണ്ടായിരുന്നു.
കെവിഎ ആദ്യം ശവിസേനയുടെ അമ്പും വില്ലും ചിഹ്നത്തില്‍ മത്സരിക്കാനാണ് തീരുമാനിച്ചിരുന്നത്. മഹാജന്‍ പലവട്ടം സംസാരിച്ച് ബിജെപിയുമായി സഖ്യമുണ്ടാക്കുകയായിരുന്നു.
പശ്ചിമ മഹരാഷ്‌ട്രയിലെ സാംഗ്ലി-മിറാജ്-കുപ്വാഡ് നഗരസഭയിലെ 78 സീറ്റിലെ ഏറ്റവും പുതിയ ഫലപ്രകാരം 37 സീറ്റ് ബിജെപിനേടി. എന്‍സിപി 11 സീറ്റിലും കോണ്‍ഗ്രസിന് ഒമ്പതിലും മുന്നിലാണ്. 481 സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. 2013- ഇവിടെ ബിജെപിക്ക് ഒറ്റ സീറ്റും ഉണ്ടായിരുന്നില്ല.
ഇവിടെ ബിജെപിയുടെ മുന്നേറ്റം വലിയ രാഷ്‌ട്രീയ മാറ്റമാണ് കാണിക്കുന്നത്. എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് മേല്‍ക്കൈ ഉള്ള സ്ഥലമാണിവിടം. എന്‍സിപിയുടെ ജയന്ത് പാട്ടീല്‍, കോണ്‍ഗ്രസിന്റെ വിശ്വജിത് കദം എന്നിവരുടെ ജന്മദേശം. ഇവിടെ ശിവസേന രഹസ്യമായും പരസ്യമായും ബിജെപിക്കെതിരേ പ്രവര്‍ത്തിച്ചിരുന്നു.
ഈ രണ്ട് വിജയങ്ങളോടെ സാംഗ്ലി ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി ആധിപത്യം നേടി. സാംഗ്ലി 2014 ല്‍ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊഒപ്പം നിന്നു. നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപിക്ക് നാലും എന്‍സിപിക്ക് രണ്ടും കോണ്‍ഗ്രസിനും ശിവസേനയ്‌ക്കും ഓരോന്നും വീതം സീറ്റുകളാണ് കിട്ടിയത്.
















