ന്യൂദൽഹി: രാജ്യത്ത് വ്യാപകമായി നിരവധി റെയിൽവെ ലൈനുകൾ സ്ഥാപിക്കുമെന്ന് റെയിൽവെ വകുപ്പ് മന്ത്രി രാജൻ ഗൊഹൈൻ. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും ലോക്‌സഭയിൽ ചോദ്യോത്തര വേളയിൽ അദ്ദേഹം പറഞ്ഞു.
22 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ഈ റെയിൽവെ ലൈനുകളുടെ പൂർണ്ണമായ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിവിധ മന്ത്രാലയങ്ങളുടെ അനുവാദം കൂടി ലഭിച്ചാൽ എത്രയും വേഗം ലൈനുകളുടെ പദ്ധതികൾ പൂർത്തീകരിക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 200 പുതിയ ലൈനുകളാണ് മന്ത്രാലയം പുതിയതായി നിർമ്മിക്കുന്നത്. നേരത്തെ റെയിൽവെ ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതികളാണ് ഇപ്പോൾ പൂർത്തീകരിക്കുന്നത്.
സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി 2017-2018 കാലഘട്ടത്തിൽ 21 ഓളം നടപ്പാതകൾ നിർമ്മിച്ചിട്ടുണ്ട്. റെയിൽവെ ട്രാക്കുകൾ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ബയോ ടോയ്‌ലെറ്റുകൾ സ്ഥാപിക്കാനുള്ള നടപടികളും മന്ത്രാലയം തകൃതിയിൽ നടത്തുന്നുണ്ട്. കോച്ചിലൂടെ പുറത്തു പോകുന്ന മനുഷ്യ വിസർജ്ജ്യം പരിസ്ഥിതി സൗഹാർദ്ദമായ ബയോ ടാങ്കിൽ ശേഖരിക്കുകയും വിസർജ്ജ്യത്തെ ദ്രവികരിച്ച് ജലവും ഗ്യാസുമാക്കിമാറ്റുകയാണ് ചെയ്യുന്നത്.
ബയോ ടോയ്‌ലെറ്റുകൾ യാഥാർത്ഥ്യ മാകുന്നതോടെ റെയിൽവെ ഫ്ലാറ്റ്‌ഫോമുകളിലും ട്രാക്കുകളിലും കൂടുതൽ ശുചിത്വം നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
















