ഇടുക്കി: ചെറുതോണി അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച് എല്ലാവരെയും മുന്‍കൂട്ടി അറിയിക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ കെ. ജീവന് ബാബു ജന്മഭൂമിയോട് പറഞ്ഞു. മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും വരുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കളക്ടര്‍ പൊതുജനങ്ങളുടെ അറിവിലേക്കായി വയ്ക്കുന്ന പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു.
1. അടിയന്തര സാഹചര്യം അല്ലെങ്കില്‍ 24 മണിക്കൂര്‍ മുമ്പ് നോട്ടീസ് നല്കി, ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും അറിയിച്ചാകും ഷട്ടര്‍ തുറക്കുക. കെഎസ്ഇബിയുടെ അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എല്ലാത്തിനും മേല്‍നോട്ടം വഹിക്കും.
2. ദൃശ്യമാധ്യമങ്ങളില്‍ ഇതിന് മുന്നോടിയായി വ്യക്തമായ അറിയിപ്പ് നല്‍കും. വ്യാജപ്രചരണങ്ങള്‍ക്ക് പിന്നാലെ പോകരുത്.
3. അടിയന്തര സാഹചര്യം ആണെങ്കില്‍ 12 മണിക്കൂറെങ്കിലും മുമ്പ് അറിയിപ്പ് നല്‍കും. രാത്രികാലങ്ങളില്‍ ഒരു കാരണവശാലും ഡാം തുറക്കില്ല.
4. അറിയിപ്പ് കൊടുത്താല്‍ ഉടന്‍ വെള്ളം ഒഴുകിയെത്തുന്ന സ്ഥലങ്ങളിലെ അപകടകരമായ മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കും.
5. മൈക്ക് അനൗണ്‍സ്മെന്റ് അടക്കമുള്ളവ ഡാം തുറക്കുന്നതിന് മുമ്പ് നടത്തും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇതിനായി സഹകരിക്കണം.
6. പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ഭയപ്പെടേണ്ടതില്ല, അറിയിപ്പ് വന്നാല്‍ ഒരു കാരണവശാലും വെള്ളത്തിലിറങ്ങരുത്.
7. വെള്ളം കാണാന്‍ കൂട്ടമായെത്തി കരയില്‍ നിന്നോ, പാലത്തില്‍ നിന്നോ അപകടകരമായ വിധത്തില്‍ സെല്‍ഫി അടക്കമുള്ളവ എടുക്കരുത്.
8. കാല് നൂറ്റാണ്ടിന് ശേഷമാണ് പുഴ വഴി വെള്ളമെത്തുക എന്നതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം.
9. ചപ്പാത്തുകള്‍ മുറിച്ച് കടക്കുകയോ, മീന്‍ പിടിക്കാന്‍ വെള്ളത്തിലിറങ്ങുകയോ ചെയ്യരുത്.
10. ഇതിനെല്ലാം പുറമെ ഡാം തുറക്കുന്നതിന്റെ ഭാഗമായുള്ള എല്ലാ മുന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായും ആരും ഇക്കാര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.
മഴയുടെ ശക്തി കുറഞ്ഞു, നീരൊഴുക്കും
ഇടുക്കി: പദ്ധതി പ്രദേശത്ത് മഴയുടെ ശക്തിക്ക് നേരിയ കുറവ്. ഇതോടെ നീരൊഴുക്കിലും കുറവ് വന്നു. ഞായറാഴ്ച 1.82 സെ.മീ. മഴയാണ് പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ ജലശേഖരം 0.8 അടി കൂടി 2394.58ലെത്തി, 90.27 ശതമാനം. ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്കാണിത്. മുന്‍ വര്‍ഷത്തേക്കാള്‍ 74 അടി കൂടുതല്‍.
35.195 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് 24 മണിക്കൂറിനിടെ ഒഴുകിയെത്തിയത്. ഈ വര്‍ഷം മെയ് ഒന്നിന് ഇടുക്കിയിലെ ജലശേഖരം 31 ശതമാനമായിരുന്നെങ്കിലും ജൂണ്‍ ഒന്നിന് ഇത് 23ലേക്ക് താഴ്ന്നിരുന്നു. മികച്ച വേനല്‍മഴ ലഭിച്ചെങ്കിലും മണ്‍സൂണിന് മുമ്പായി സംഭരണിയിലെ ജലശേഖരം പരമാവധി വൈദ്യുതി വകുപ്പ് കുറച്ചിരുന്നു. മഴക്കാലം തുടങ്ങി രണ്ട് മാസം എത്തുമ്പോള്‍ 67 ശതമാനമാണ് ജലനിരപ്പ് ഉയര്‍ന്നത്. ഇതില്‍ കൂടുതലും ജൂലൈയിലായിരുന്നു. ജില്ലയിലാകെ ഇതുവരെ ശരാശരി 208 സെ.മീ. മണ്‍സൂണ്‍ ലഭിച്ചതായാണ് കണക്ക്. ഇനി രണ്ട് മാസം കൂടി മണ്‍സൂണും തുടര്‍ന്ന് തുലാമഴയും വരാനിരിക്കെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: