ഇരിട്ടി: ഹരിത കേരളാ മിഷന്‍, ജൈവ വൈവിദ്ധ്യ ബോര്‍ഡ് കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ചക്ക വിഭവങ്ങളുടെ ഉത്പാദനവുമായി ബന്ധപ്പെട്ട് ചക്കരുചി എന്ന പേരില്‍ ചക്ക വിഭവ പാചക പരിചയ പരിപാടി സംഘടിപ്പിച്ചു .
മലയോര മേഖലയില്‍ ഉപയോഗിക്കാതെ നശിച്ചുപോകുന്ന ചക്കകള്‍ ഉപയോഗിച്ച് കുടുബശ്രീ സഹകരണത്തോടെ വിവിധ ഉത്പന്നങ്ങള്‍ ഉദ്പാദിപ്പിച്ച് കുടുംബശ്രീ ലേബലില്‍ വിപണനം നടത്തുക എന്നതാണ് മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്. അച്ചാര്‍ മുതല്‍ ചമ്മന്തി, പുളിശ്ശേരി തുടങ്ങി മുറുക്ക്, പക്കാവട, മിഠായികള്‍ വിവിധ തരം ബേക്കറി ഉത്പന്നങ്ങള്‍ എന്നിവയും ചക്കയില്‍ നിന്നും ഉദ്പാദിപ്പിക്കുവാന്‍ കഴിയും. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാവുന്നതോടെ കയറ്റുമതിയടക്കം ലക്ഷ്യമിട്ട് കൊണ്ടാണ് മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പദ്ധതി തയ്യാറാക്കുന്നത്.
പരിശീലന പരിപാടി ജൈവകര്‍ഷക അവാര്‍ഡ് ജേതാവ് ഷിംജിത്ത് തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എം.വിനീത അദ്ധ്യക്ഷത വഹിച്ചു. സി.അബുള്‍ ഗഫൂര്‍ പദ്ധതി വിശദീകരിച്ചു. ചക്ക വിഭവ പരിശീലകരായ ഷീബാ സനീഷ്, രജനി ശ്രീജിത്ത് എന്നിവര്‍ നൂറോളം ചക്ക ഉത്പന്നങ്ങളുടെ പരിശീലനത്തിന് നേതൃത്വം നല്‍കി. സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.വി.റഷീദ്, പഞ്ചായത്തംഗം കെ.കെ.സജീവന്‍, പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു, അസി.സിക്രട്ടറി റജി എന്നിവര്‍ പ്രസംഗിച്ചു. സജിത അനൂപ് സ്വാഗതവും പി.രജില നന്ദിയും പറഞ്ഞു.
















