ലഖ്നൗ: ചരക്കുമായി 1,326 കീ.മീ സഞ്ചരിച്ചെത്താന്‍ വേണ്ടിവന്നത് നാലുവര്‍ഷം. സംഭവം സത്യമാണ്, ഡി അമോണിയം ഫോസ്ഫേറ്റുമായാണ് നാലുവര്‍ഷമെടുത്ത് ചരക്കു തീവണ്ടി ബസ്തി റെയില്‍വെ സ്റ്റേഷനിലെത്തിയത്. 2014 നവംബര്‍ 10 ന് പുറപ്പെട്ട ചരക്ക് തീവണ്ടിയാണ് ഉത്തര്‍പ്രദേശിലെ ബസ്തി റെയില്‍വെ സ്റ്റേഷനില്‍ കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 3.30ഓടെ എത്തിയത്. തീവണ്ടി സ്റ്റേഷനിലെത്തിയതോടെ ജീവനക്കാര്‍ക്കും അത്ഭുതമായി. 1,316 ബാഗ് ഡി അമോണിയം ഫോസ്ഫേറ്റുമായി എത്താന്‍ വേണ്ടിയിരുന്നത് 42 മണിക്കൂറും 13 മിനിറ്റുമാണ്.
ചരക്കു വണ്ടിക്കോ, ബോഗിക്കോ ഏതെങ്കിലും വിധത്തിലുള്ള തകരാറു സംഭവിച്ചാലോ കണ്ടെത്തിയാലോ അത് റെയില്‍വെ യാര്‍ഡിലേക്ക് മാറ്റും. പിന്നെ തകരാര്‍ പരിഹരിച്ച ശേഷം മാത്രമേ യാത്ര പുനരാരംഭിക്കുകയുള്ളുവെന്ന് ഉത്തരപൂര്‍വ റെയില്‍വെ സോണ്‍ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ സഞ്ജയ് യാദവ് അറിയിച്ചു. അത്തരത്തിലുള്ള എന്തെങ്കിലുമാകാം ഈ ചരക്കുവണ്ടി വൈകിയെത്തിയതിനു പിന്നിലെന്നും അദ്ദേഹം അറിയിച്ചു.
ബസ്തിയിലെ വ്യാപാരിയായ രാമചന്ദ്ര ഗുപ്തയാണ് വിശാഖപട്ടണത്ത് ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡി (ഐപിഎല്‍) ല്‍ നിന്നും 2014ല്‍ ചരക്ക് ബുക്ക് ചെയ്തിരുന്നത്. അതാണ് ഇക്കഴിഞ്ഞ ദിവസം അതായത് 2018 ജൂലൈ 25ന് എത്തിയത്. എന്നാല്‍ റെയില്‍വെ അധികൃതര്‍ ഗുപ്തയെ ബന്ധപ്പെട്ടപ്പോള്‍ ഇത് കമ്പനിയും റെയില്‍വെയും തമ്മിലുള്ള പ്രശ്നമാണെന്നും താന്‍ ഇതിനായി മുതല്‍മുടക്കില്ലെന്നും ഗുപ്ത അറിയിച്ചു. 14 ലക്ഷം രൂപയുടെ ചരക്കാണ് സ്റ്റേഷനിലെത്തിയത്.
ഗോരഖ്പൂരുള്ള ഐപിഎല്‍ അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഡി.കെ. സക്സേനയെ ബന്ധപ്പെട്ടപ്പോള്‍ ചരക്ക് ബസ്തി ഏരിയിലെ വിതരണക്കാര്‍ ബുക്ക് ചെയ്തിരുന്നെന്നും എന്നാലിത് എങ്ങനെയോ നഷ്ടപ്പെട്ടു പോകുകയായിരുന്നെന്നും ഉദ്യോഗസ്ഥന് പറഞ്ഞു. റെയില്‍വെ കാരണം ഉണ്ടായ നഷ്ടം നികത്തണമെന്നാവശ്യപ്പെട്ട് കമ്പനി പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: