കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ പുല്‍ത്തകിടിയില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ലാ ലിഗ വേള്‍ഡ് പ്രീ സീസണ്‍ ടൂര്‍ണമെന്റിലെ രണ്ടാം അങ്കത്തില്‍ നേര്‍ക്കുനേര്‍ എത്തുന്നത് മെല്‍ബണ്‍ സിറ്റി എഫ്‌സിയും സ്പാനിഷ് ക്ലബ് ജിറോണ എഫ്‌സിയും.
ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് മെല്‍ബണ്‍ സിറ്റി എഫ്‌സി ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നത്. കളിയുടെ സമസ്ത മേഖലകളിലും ബ്ലാസ്‌റ്റേഴ്‌സിനെ അമ്പരപ്പിക്കുന്ന പ്രകടനമാണ് പ്രൊഫഷണല്‍സായ മെല്‍ബണ്‍ സിറ്റി താരങ്ങള്‍ നടത്തിയത്.
3-5-2 ശൈലിയിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനെതിരെ മെല്‍ബണ്‍ മൈനത്തെത്തിയത്. ഡീന്‍ ബൗസാനിസിനെ ഗോളിയായും മൈക്കല്‍ ഹാലരന്‍, ഡാരിയോ വിദോസിച്ച് എന്നിവരെ മുന്നേറ്റനിരയില്‍ ഇറക്കിയുമാണ് ബ്ലാസ്റ്റേഴ്‌സിനെതിരെ മെല്‍ബണ്‍ കളിച്ചത്. പ്രതിരോധത്തില്‍ നഥനിയേല്‍ അറ്റ്കിന്‍സണ്‍, ബാര്‍ട്ട് ഷെന്‍കെവെല്‍ഡ്, സ്‌കോട്ട് ജാമിയെസണും ലൂക്ക് ബ്രാറ്റന്‍, ഒസാമ മാലിക്, റിലി മക്ഗ്രീ, ആന്റണി കാസിറെസ്, ലച്ച്‌ലന്‍ വേല്‍സ് എന്നിവര്‍ മധ്യനിരയിലുമിറങ്ങി. സീനിയേഴ്‌സിനൊപ്പം റിസര്‍വ് താരങ്ങളെയും പരീക്ഷിക്കുന്നതായിരുന്നു ശൈലി. ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഇരട്ട ഗോളുമായി കളംനിറഞ്ഞ മക്ഗ്രീയുടെ പ്രകടനം ഈ മത്സരത്തില്‍ വേറിട്ടുനിന്നു. അവരുടെ മുന്നേറ്റങ്ങളെല്ലാം തുടങ്ങിയത് മക്ഗ്രീയുടെ കാലുകളില്‍ നിന്നായിരുന്നു. വിങ്ങുകളില്‍ക്കൂടിയുള്ള മുന്നേറ്റമാണ് മെല്‍ബണ്‍ സിറ്റിയുടെ കരുത്ത്. ഇന്ന് ജിറോണക്കെതിരെയും ഈ രീതിയിലുള്ള ആക്രമണമായിരിക്കും മെല്‍ബണ്‍ സിറ്റി നടത്തുക.
ടീമെന്ന നിലയില്‍ താരങ്ങളെ മാറ്റിക്കളിപ്പിക്കുന്നതില്‍ ഉള്‍പ്പെടെ വ്യക്തമായ ഗെയിം പ്ലാനും മെല്‍ബണ്‍ കോച്ച് നടപ്പിലാക്കിയിരുന്നു. രണ്ടാംപകുതിയിലാണ് സ്റ്റാര്‍ സ്‌ട്രൈക്കറായ ഉറുഗ്വെ താരം ബ്രൂണോ ഫോര്‍നലോരിയെ ഇറക്കിയത്. ആദ്യ മത്സരത്തില്‍ ജയിച്ചതോടെ ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനത്താണ് മെല്‍ബണ്‍ സിറ്റി എഫ്‌സി.
അതേസമയം, കളിമികവുകൊണ്ട് കഴിഞ്ഞ സീസണില്‍ ഒന്നാം ഡിവിഷനിലേക്ക് പ്രമോഷന്‍ കിട്ടിയതിന്റെ ആത്മവിശ്വാസത്തിലാകും വൈറ്റ്‌സ് ആന്‍ഡ് റെഡ്‌സ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജിറോണ അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ ക്ലബ്ബിനെ തോളിലേറ്റിയ ഉറുഗ്വെയ്ന്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യന്‍ സ്റ്റുവാനിയും പ്രതിരോധനിരതാരം കൊളംബിയന്‍ താരം ജൊഹാന്‍ മൊജിക്കും ഇല്ലെങ്കിലും മികച്ച താരനിരയുമാണ് ജിറോണ എത്തുന്നത്. മുന്‍ ബാഴ്‌സിലോണ താരം മാര്‍ക്ക് മുനിയേസ, മൊറൊക്കോ ലോകകപ്പ് സ്വക്വാഡിലുണ്ടായിരുന്ന ഗോള്‍കീപ്പര്‍ യാസിന്‍ ബൗനൗ, കൊളംബിയന്‍ താരം ബെര്‍നാര്‍ഡോ സുനിഗ, ഹോണ്ടുറാസ് സ്‌ട്രൈക്കര്‍ ആന്റണി ലൊസാനോ, മാഞ്ചസ്റ്റര്‍ സിറ്റിയില്‍നിന്ന് വായ്‌പാടിസ്ഥാനത്തില്‍ ടീമിലെത്തിയ അലക്‌സ് ഗാര്‍സിയ ഉള്‍പ്പെടെ താരങ്ങളുമായാണ് വൈറ്റ്‌സ് ആന്‍ഡ് റെഡ്‌സ് കൊച്ചിയിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിനെ വരെ അട്ടിമറിച്ചവരാണ് ജിറോണ.
എന്തായാലും തുല്യശക്തികളുടെ പോരാട്ടത്തിനായിരിക്കും ഇന്ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക. സീനിയര്‍ സ്‌ക്വാഡിലെ താരങ്ങളെ തന്നെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി വിജയം കണ്ടെത്തുക തന്നെയാകും ഇരു ടീമുകളുടെയും ലക്ഷ്യം. കേരള മണ്ണില്‍ രണ്ടു വിദേശ ടീമുകള്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മികച്ച മത്സരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ഫുട്ബാള്‍ പ്രേമികള്‍.
















