അഹമ്മദാബാദ്: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ഗുജറാത്ത് എംഎല്‍എ കന്‍വര്‍ജി ബവാലിയ, വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെയാണ് ബവാലിയ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും. സംസ്ഥാനത്തെ കോണ്‍ഗ്രസ് യുവനേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് രാജി. ജസ്ദനില്‍ നിന്നുള്ള എംഎല്‍എയായ ബവാലിയ, സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിക്ക് രാജിനല്‍കിയ ശേഷമാണ് ബിജെപി ആസ്ഥാനത്തെത്തി ഔപചാരികമായി പാര്‍ട്ടിയില്‍ ചേര്‍ന്നത്. അഞ്ചുതവണ നിയമസഭാംഗമായിരുന്ന ബവാലിയ ലോക്‌സഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വോട്ടു ബാങ്കിനു വേണ്ടി ജാതിരാഷ്‌ട്രീയം കളിക്കുകയാണെന്ന് ബവാലിയ ആരോപിച്ചു. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങള്‍ താന്‍ സശ്രദ്ധം വീക്ഷിക്കാറുണ്ടെന്നും മോദിയുടെയും പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായുടെയും സംസ്ഥാന ബിജെപി നേതൃത്വത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് ജനസംഖ്യയില്‍ 22 ശതമാനം വരുന്ന കോലി സമുദായത്തിന്റെ പ്രബല നേതാവാണ് ബവാലിയ.
ഗുജറാത്തിലെ യുവ കോണ്‍ഗ്രസ് നേതാക്കളായ അമിത് ചാവ്ഡ, പ്രതിപക്ഷ നേതാവു കൂടിയായ പരേഷ് ധനാനി എന്നിവര്‍ക്കെതിരെ ദേശീയ പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് ബവാലിയ അതൃപ്തി അറിയിച്ചിരുന്നു.
















