തിരുവനന്തപുരം: ഗായിക എസ്.ജാനകി മരിച്ചെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനേക്കുറിച്ച് അന്വേഷണത്തിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. കേരളത്തിലെ പിന്നണി ഗായകരുടെ സംഘടന നല്‍കിയ പരാതിയിലാണ് നടപടി. സൈബര്‍; ക്രൈം പൊലീസിനാണ് അന്വേഷണ ചുമതല.
സംസ്‌കാരസമയം പോലും ഉള്‍പ്പെടുത്തി ഒട്ടേറെ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ജാനകി പാട്ട് നിര്‍ത്തിയെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയും ഇത്തരത്തില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.
വ്യാജ സന്ദേശം സൃഷ്ടിച്ചയാളെയും പ്രചരിപ്പിച്ച് തുടങ്ങിയവരെയും കണ്ടെത്താനാവശ്യപ്പെട്ടാണ് അന്വേഷണം സൈബര്‍ ക്രൈം ഡിവൈ.എസ്പിയെ ഏല്‍പ്പിച്ചിരിക്കുന്നത്. ഇവരെ കണ്ടെത്തിയ ശേഷം കേസെടുത്ത് തുടര്‍ നടപടി സ്വീകരിക്കാനുമാണ് ഡി.ജി.പിയുടെ നിര്‍ദേശം.
















