ബെംഗളൂരു: കര്‍ണാടക ഹജ്ജ് ഭവന് മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പേര് നല്‍കണമെന്ന് ബിജെപി നേതാവ് കെ.ജി. ഭൊപ്പയ്യ. ഹജ്ജ് ഭവന്റെ പേര് ‘ഹസ്രത്ത് ടിപ്പു സുല്‍ത്താന്‍ ഹജ്ജ് ഘര്‍’ എന്നാക്കി മാറ്റണമെന്ന് മുഖ്യമന്ത്രിയോടാവശ്യപ്പെടുമെന്ന ന്യൂനപക്ഷ ക്ഷേമ-വഖഫ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് ഭവന് ടിപ്പു സുല്‍ത്താന്റെ പേര് നല്‍കിയാല്‍ വര്‍ഗീയ ലഹളയുണ്ടാകുമെന്ന് താന്‍ ഭയപ്പെടുന്നതായി ഭൊപ്പയ്യ പറഞ്ഞു. മാത്രമല്ല ടിപ്പു സുല്‍ത്താന്റെ പേരിനു പകരം മുന്‍ രാഷ്‌ട്രപതിയുടെ പേര് നല്‍കണമെന്നാണ് മുന്‍ സ്പീക്കര്‍ കൂടിയായ കെ.ജി. ഭൊപ്പയ്യയുടെ ആവശ്യം.
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാസസ്ഥലമൊരുക്കുന്ന ഹജ്ജ് ഭവനെ ടിപ്പു സുല്‍ത്താന്റെ സ്മരണാര്‍ഥം പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം കഴിഞ്ഞ ഹജ്ജ് കമ്മറ്റി യോഗത്തില്‍ ഉയര്‍ന്നതായും ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഹജ്ജ് ഭവന്‍ എല്ലാ മുസ്ലിം വിഭാഗക്കാര്‍ക്കും വേണ്ടിയാണെന്നും ടിപ്പുവിന്റെ ശിഷ്യന്മാരെ മാത്രം ഉദ്ദേശിച്ചുള്ളതല്ലെന്നും കാണിച്ചാണ് ബിജെപി പുനര്‍നാമകരണത്തെ എതിര്‍ക്കുന്നത്.
യെദ്യൂരപ്പ സര്‍ക്കാറിന്റെ വികസന പദ്ധതികളുടെ ഭാഗമാണ് ഹജ്ജ് ഭവനെന്നും, ടിപ്പുവിന്റെ പേരു നല്‍കി പദ്ധതി തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ആര്‍. അശോക നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഒരു കാരണവശാലും ഹജ്ജ് ഭവനു ടിപ്പു സുല്‍ത്താന്റെ പേരു നല്‍കരുതെന്നും, അങ്ങനെ സംഭവിച്ചാല്‍ ബിജെപി സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് എം.പി. ശോഭാ കരിന്തലജെയും അറിയിച്ചിട്ടുണ്ട്.
















