ഗുവാഹത്തി : എടിഎം മെഷീനുള്ളിൽ ചുണ്ടെലികൾ കയറി കടിച്ച് കീറി കളഞ്ഞത് 12 ലക്ഷം രൂപ. ആസാമിലെ ടിൻസൂക്കിയ ജില്ലയിലെ ലായ്‌പുലിയിലെ എസ്‌ബിഐ എടിഎമ്മിനുള്ളിൽ കയറിയ ചുണ്ടെലികളാണ് നോട്ടുകൾ കടിച്ച് കീറികളഞ്ഞത്.
ഏറെ നാളായി സാങ്കേതിക പ്രശ്നത്തെ തുടർന്ന് അടച്ചിട്ടിരുന്ന എടിഎം ചുണ്ടെലികൾ തങ്ങളുടെ വാസസ്ഥലമാക്കുകയായിരുന്നു. 29 ലക്ഷം രൂപയുണ്ടായിരുന്ന എടിഎമ്മിൽ എലികൾ തങ്ങളുടെ പണി തീർത്തപ്പോൾ മിച്ചം വന്നത് 17 ലക്ഷം രൂപ മാത്രം. 12,38,000 രൂപ എലികള്‍ നശിപ്പിച്ചു. കടിച്ചുമുറിച്ച് ചിതറിച്ച നിലയിലായിരുന്നു നോട്ടുകള്‍.
ഈ മാസം 11-ന് മെഷീനിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തെത്തിയപ്പോഴാണ് മെഷീനിന്റെ അകത്തു നടന്ന എലിയുടെ “അറ്റകുറ്റപ്പണി’കള്‍ കണ്ടത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
















