ന്യൂദല്‍ഹി: റെയില്‍വേ യാത്രക്കാരുടെ പരാതികള്‍ മൊബൈല്‍ ഫോണിലൂടെയും വെബിലൂടെയും രജിസ്റ്റര്‍ ചെയ്യാന്‍ ‘റയില്‍ മദദ്’ എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കി. കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ആപ് ഉദ്ഘാടനം ചെയ്തു. യാത്രക്കാര്‍ക്ക് അവരുടെ പരാതികളിന്മേല് സ്വീകരിച്ച നടപടികളെ കുറിച്ച് ഉടനടി പ്രതികരണവും ആപ് നല്‍കും.
പരാതി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ യാത്രക്കാരന് എസ്എംഎസിലൂടെ ഉടന്‍ തന്നെ ഒരു ഐഡിയും തുടര്‍ന്ന് പരാതിയിന്മേല് റെയില്‍വേ സ്വീകരിച്ച നടപടിയും സന്ദേശമായി അയച്ചു നല്‍കും. നോര്‍ത്തേണ്‍ റെയില്‍വേ (ദല്‍ഹി ഡിവിഷന്) വികസിപ്പിച്ച റെയില്‍വേ പാസഞ്ചര്‍ പരാതി പരിഹരണ, നിര്‍വഹണ സംവിധാനത്തിന്റെ ഭാഗമാണ് റയില്‍ മദദ് ആപ്ലിക്കേഷനും.
ഓണ്‍ലൈനും ഓഫ്ലൈനുമായ 14 വഴികളിലൂടെ ലഭിക്കുന്ന പരാതികള്‍ ഏകീകരിക്കുന്നതാണ് റെയില്‍വേ പാസഞ്ചര്‍ പരാതി പരിഹരണ, നിര്‍വഹണ സംവിധാനം. സുരക്ഷാ, ചൈല്‍ഡ് ഹെല്പ് ലൈന്‍ നമ്പരുകള്‍ അടക്കമുള്ള വിവിധ ഹെല്പ് ലൈന്‍ നമ്പരുകളും റെയില്‍ മദദ് യാത്രക്കാരന് നല്‍കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: