മുസാഫര്‍നഗര്‍: പിതാവ് ബച്ചന്‍ സിങ് കാര്‍ഗില്‍ തുലോലിങ്ങില്‍ രക്തസാക്ഷിയാകുമ്പോള്‍ ഹിതേഷ് കുമാറിന് ആറു വയസ്. രജ്പുതാന റൈഫിള്‍സിലെ സെക്കന്റ് ബറ്റാലിയനില്‍ ലാന്‍സ് നായിക് ആയിരുന്നു ഹിതേഷിന്റെ അച്ഛന്‍ ബച്ചന്‍ സിങ്. 1999 ജൂണ്‍ 12നാണ് കാര്‍ഗില്‍ തുലേലിങ്ങില്‍ പാക് സേന ഭീകരത സൃഷ്ടിച്ചത്. അന്ന് ഹിതേഷ് എടുത്ത തീരുമാനമാണ് സൈന്യത്തില്‍ ചേരണമെന്നത്. അമ്മയ്‌ക്കും മറിച്ചൊരു അഭിപ്രായമുണ്ടായിരുന്നില്ല.
സൈന്യത്തില്‍ ചേരുക എന്നത് തന്റെ 19 വര്‍ഷത്തെ ആഗ്രഹമായിരുന്നുവെന്ന് ഹിതേഷ് പറഞ്ഞു. എന്റെ മാത്രമല്ല, എന്റെ അമ്മയുടെയും ആഗ്രഹമായിരുന്നു. അഭിമാനത്തോടും സത്യസന്ധതയോടും രാജ്യത്തെ സേവിക്കാനാണ് ആഗ്രമെന്ന് ഹിതേഷ് പറഞ്ഞു. 19 വര്‍ഷത്തിനു ശേഷം ഹിതേഷ് ലഫ്റ്റനന്റായി ചുമതലേറ്റതും അച്ഛന്‍ സേവനമനുഷ്ഠിച്ച അതേ ബറ്റാലിയനിലാണ്. പാസിങ് ഔട്ട് പരേഡിന് ശേഷം പിതാവിന് ഹിതേഷ് ആദരാജ്ഞലി അര്‍പ്പിച്ചു. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ കഴിഞ്ഞ ദിവസം നടന്ന പാസിങ് ഔട്ട് പരേഡിലൂടെയാണ് ഹിതേഷ് കുമാര്‍ ഔദ്യോഗികമായി സേനയുടെ ഭാഗമായത്.
ബച്ചന്റെ രക്തസാക്ഷിത്വത്തിനു ശേഷം ജീവിതം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍ രണ്ട് മക്കള്‍ക്കു വേണ്ടി ജീവിക്കാന്‍ തീരുമാനിച്ചു. ഇന്ന് ഹിതേഷ് സൈന്യത്തിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നു. ഇളയ മകന്‍ ഹേമന്ദും സൈന്യത്തില്‍ ചേരാനായി തയ്യാറെടുക്കുകയാണെന്ന് ഹിതേഷിന്റെ അമ്മ കമേഷ് ബാല പറഞ്ഞു.
ബച്ചന്‍ ധീരനായ സൈനികനായിരുന്നു. തുലോലിങ്ങിലെ ഏറ്റുമുട്ടലില്‍ തലയ്‌ക്ക് വെടിയേറ്റതിനെ തുടര്‍ന്നാണ് ബച്ചന്‍ വീരമൃത്യു വരിച്ചത്. മേജര്‍ വിവേക് ഗുപ്തയുള്‍പ്പെടെ 17 സൈനികരെയാണ് നഷ്ടമായത്. എന്നാലിപ്പോള്‍ ബച്ചന്റെ മകന്‍ അദ്ദേഹത്തിന്റെ അതേ പാത തിരഞ്ഞെടുത്തതില്‍ ഞാനും അഭിമാനിക്കുകയാണെന്ന് രജ്പുതാന റൈഫിള്‍ ബറ്റാലിയനിലെ ഋഷിപാല്‍ സിങ് പറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തില്‍ രജപുതാന റൈഫിള്‍സിന്റെ മുന്നേറ്റമാണ് ആദ്യ വിജയത്തിലെത്തിച്ചത്. എന്നാല്‍ മൂന്നാഴ്ച നീണ്ടു നിന്ന ഏറ്റുമുട്ടലില്‍ 100ലേറെ പേര്‍ക്ക് പരിക്കേറ്റു. നാല് ഓഫീസര്‍മാര്‍ വീരമൃത്യു വരിച്ചു.
















