നോയിഡ: നോയിഡ അതോറിറ്റി പ്രോജക്ട് എഞ്ചിനീയറുടെ ബംഗ്ലാവില്‍ നടത്തിയ റെയ്ഡില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് 200 കോടിയിലധികം രൂപയുടെ സ്വത്തുവകകള്‍. പ്രോജക്ട് എന്‍ജിനീയറായ ബ്രിജിപാല്‍ സിങ്ങി (59) ന്റെ സെക്ടര്‍ 27ലെ ബംഗ്ലാവില്‍ നടത്തിയ റെയ്ഡിലാണ് ജാഗര്‍, മെഴ്‌സിഡിസ് ബെന്‍സ് തുടങ്ങി അഞ്ചിലധികം കാറുകളും വിവിധ സ്ഥലങ്ങളിലായുള്ള 25ലധികം വസ്തുവകകളുടെ രേഖകളും എട്ടുലക്ഷം രൂപയും കണ്ടെടുത്തത്. എന്നാല്‍ ബ്രിജിപാല്‍ സിങ്ങ് ശരിക്കും പെട്ടത് ഇയാള്‍ക്ക് രണ്ടു ഭാര്യമാരുണ്ടെന്ന വസ്തുത ആദായനികുതി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതോടെയാണ്.
വസ്തുവകകള്‍ എല്ലാം തന്നെ ബ്രിജിപാല്‍ സിങ്ങിന്റെ കുടുംബാംഗങ്ങളുടെ പേരിലായിരുന്നു. നിയമപരമായി വിവാഹം കഴിച്ച ഭാര്യയിലും രണ്ടാം ഭാര്യയിലും ഇയാള്‍ക്ക് രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും വീതമുണ്ട്. കുട്ടികള്‍ക്കെല്ലാം ഒരേ പേരാണ് ഇയാള്‍ നല്‍കിയിരുന്നത്. അതിനാല്‍ ഭാര്യമാര്‍ക്ക് ഇവരുടെ പേരില്‍ വസ്തുവകകള്‍ വാങ്ങുന്നതിലും വില്‍ക്കുന്നതിലും സംശയം തോന്നിയിരുന്നില്ല. ഫരീദാബാദിലാണ് രണ്ടാമത്തെ കുടുംബത്തെ താമസിപ്പിച്ചിരുന്നത്. ഇവിടെയും ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.
ബ്രിജേഷ് സിങ്ങ് സ്വകാര്യ കരാറുകാരില്‍ നിന്നും കൈക്കൂലി വാങ്ങുന്നുവെന്ന പരാതി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. വസ്തുവകകളെല്ലാം കണ്ടുകെട്ടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റെയ്ഡിനെ തുടര്‍ന്ന് ഇയാളെ നോയിഡ അതോറിറ്റി സസ്‌പെന്‍ഡ് ചെയ്തു.
















