ആലപ്പുഴ: ഹരിപ്പാട് സ്വകാര്യ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ നടത്തിയ നീക്കത്തിന് പിന്നിലെ അഴിമതിയും ക്രമക്കേടുകളും അന്വേഷിക്കാതെ ഇടതുസര്‍ക്കാര്‍ ഒത്തുകളിക്കുന്നു. മുന്‍ ആഭ്യന്തര മന്ത്രിയും ഹരിപ്പാട് എംഎല്‍എയുമായ രമേശ് ചെന്നിത്തലയായിരുന്നു വിവാദ പദ്ധതിയുടെ ആസൂത്രകന്‍. പദ്ധതി റദ്ദാക്കിയ പിണറായി സര്‍ക്കാര്‍ ഇതിന് പിന്നിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മറ്റു പല കേസുകളും പോലെ ഈ സംഭവവും ഒത്തുതീര്‍പ്പ് രാഷ്‌ട്രീയക്കളിയില്‍ തേച്ചുമാച്ച് കളയാനാണ് ശ്രമം. കോളേജുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ ദുരൂഹത നിറഞ്ഞതായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ നീക്കങ്ങള്‍. ശാസ്ത്ര സാഹിത്യ പരിഷത്ത് എതിര്‍പ്പുമായി രംഗത്തെത്തിയിട്ടും സിപിഎമ്മിലെ ഒരു വിഭാഗം പദ്ധതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. മുന്‍ എംഎല്‍എ സി.കെ. സദാശിവന്‍ അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കള്‍ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.
മെഡിക്കല്‍ കോളേജ് നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച കേരള മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡിന് നാല്‍പ്പതു കോടി രൂപയുടെ ഓഹരി മൂലധനമുണ്ടെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് പ്രത്യേക ഉത്തരവിലൂടെ ഇത് 80 കോടിയായി ഉയര്‍ത്തി. മെഡിക്കല്‍ കോേളജിനായി ഏറ്റെടുത്ത് നല്‍കുന്ന ഭൂമിയുടെ വിലയാണ് കമ്പനിയില്‍ സര്‍ക്കാര്‍ വിഹിതം. 26 ശതമാനമായിരിക്കും സര്‍ക്കാര്‍ ഓഹരിയെന്ന് വ്യക്തമാക്കിയിരുന്നു.
കേരള മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കമ്പനി മെഡിക്കല്‍ കോളേജിന് വേണ്ട കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളുമൊരുക്കി 99 വര്‍ഷത്തെ പാട്ടത്തിന് ചാരിറ്റബിള്‍ സൊസൈറ്റിക്ക് നല്‍കും. സൊസൈറ്റി, കോളേജ് നടത്തുന്നതിനുള്ള ചെലവ് കഴിഞ്ഞുള്ള ബാക്കിത്തുക കമ്പനിക്ക് നല്‍കുകയും ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. അതേസമയം സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കുന്ന ഭൂമിയില്‍ നിര്‍മിക്കുന്ന 100 കിടക്കകളുള്ള പേ വാര്‍ഡും ലാബോറട്ടറിയും കമ്പനി നേരിട്ട് നടത്തുകയും ചെയ്യും. ഇതിന് മെഡിക്കല്‍ കോളേജുമായി ബന്ധമുണ്ടാകുകയുമില്ല.
സ്വകാര്യ മേഖലയ്‌ക്ക് നടത്തിപ്പവകാശമുള്ള സ്ഥാപനത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നത് നിയമവിരുദ്ധമാണ്. വയല്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുത്തത്. ഇതും വിവാദമായിരുന്നു.
സ്വന്തം ലേഖകന്‍
















