കൊല്ലം: കെവിന്റെ മരണം കൊലപാതകം തന്നെയെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഐ ജി വിജയ് സാഖറെ. ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. തെളിവെടുപ്പിന്റെ ഭാഗമായി കേസിലെ പ്രതികളെ ചാലിയേക്കരയില്‍ എത്തിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കാനാണ് പോലീസിന്റെ ശ്രമം. ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നതെന്നും സാക്കറെ പറഞ്ഞു. നാലു പ്രതികളെയാണ് തെളിവെടുപ്പിന് എത്തിച്ചിത്. ഇവരില്‍ ഒരാളെ പോലീസ് തോട്ടിലിറക്കി തെളിവെടുപ്പ് നടത്തി.
അതേ സമയം കെവിന് കൊലക്കേസില്‍ തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം. കേസിലെ നാല് പ്രതികളെ തെളിവെടുപ്പിനായി തെന്മലയ്ക്കു സമീപം ചാലിയേക്കരയില്‍ എത്തിച്ചപ്പോഴാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധം മുന്നില്‍കണ്ട് കൊട്ടാരക്കര റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരുന്നത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി സംഭവം പുനരാവിഷ്‌കരിക്കുമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതികളുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളും പോലീസ് കണ്ടെടുത്തു. നാലു വാളുകളാണ് തെളിവെടുപ്പിനിടെ പോലീസ് കണ്ടെടുത്തത്.
വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം ഭാര്യാവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ മൃതദേഹം ചാലിയക്കര തോട്ടിൽ നിന്നായിരുന്നു കണ്ടെടുത്തത്.
















