കൊച്ചി: പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാം വര്‍ഷം ആഘോഷിക്കുമ്പോള്‍ ധനകാര്യ വകുപ്പും ആഭ്യന്തരവകുപ്പും നേട്ടങ്ങളുടെ പട്ടികയില്‍ പുറത്ത്. രണ്ടിനെക്കുറിച്ചും നല്ലതൊന്നും പറയാനില്ലാത്തതുതന്നെ കാരണം. എന്നാല്‍, ധനകാര്യ വകുപ്പിനെ ഒഴിവാക്കിയത് വകുപ്പു മന്ത്രി തോമസ് ഐസക്കിനോടുള്ള വിയോജിപ്പും അവിശ്വാസം പ്രകടിപ്പിക്കലുമായി.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ നാട്ടുകാരിലെല്ലാം എത്തിക്കാന്‍ വന്‍ പദ്ധതിയാണ് സര്‍ക്കാരും പാര്‍ട്ടിയും ചേര്‍ന്ന് നടത്തുന്നത്. ‘നല്ലത് നാട്ടില്‍ നടന്നത്’ എന്ന പേരില്‍ ലഘുലേഖയും നോട്ടീസും വര്‍ണക്കടലാസില്‍ അച്ചടിച്ചു വീടുകള്‍തോറും എത്തിക്കുകയാണ്.
നല്ലതിന്റെ പട്ടികയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെക്കുറിച്ച് പരാമര്‍ശമില്ല. മറ്റ് 14 വകുപ്പുകളുടെ നേട്ടമായി പലതും പറയുന്നെങ്കിലും ധനകാര്യ വകുപ്പിനെക്കുറിച്ചും ഇല്ല. പോലീസിനെക്കുറിച്ച് ഒന്നും പറയുന്നില്ല, സംസ്ഥാനത്തെ ക്രമസമാധാനത്തെക്കുറിച്ച് മിണ്ടുന്നില്ല. ട്രഷറി പൂട്ടി, സാമ്പത്തിക പ്രതിസന്ധിയിലായ ധനകാര്യ വകുപ്പിനെക്കുറിച്ച് ഒന്നും പറയാനില്ലാത്തതല്ല. ചിലതെങ്കിലുമൊക്കെ പറഞ്ഞില്ലെങ്കില്‍ അത് വകുപ്പുമന്ത്രി തോമസ് ഐസക്കിന്റെ പിടിപ്പുകേടു സമ്മതിക്കലും മന്ത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമുള്ള അവിശ്വാസം പ്രഖ്യാപിക്കലുംകൂടിയാണെന്ന വ്യാഖ്യാനങ്ങള്‍ വന്നുകഴിഞ്ഞു.
ആഭ്യന്തരവകുപ്പിനെക്കുറിച്ച് ഒന്നും നല്ലതു പറയാനില്ലെങ്കില്‍ അത് വകുപ്പിന്റെ പരാജയമാണ്. ഒരു സംസ്ഥാന ഭരണവിജയത്തിന്റെ അഞ്ചു പ്രധാന അടിസ്ഥാന മാനദണ്ഡങ്ങളില്‍ ആഭ്യന്തരവും സാമ്പത്തികവും ഏറ്റവും മുഖ്യമാണ്. മുഖ്യമന്ത്രിക്കുതന്നെ അദ്ദേഹം മേല്‍നോട്ടം വഹിക്കുന്ന വകുപ്പില്‍ വിശ്വാസമില്ലെന്നു സ്വയ സമ്മതിക്കുന്നതാണ് നാട്ടില്‍ നടന്ന നല്ലതില്‍ ആഭ്യന്തര വകുപ്പിന്റെ പേരേ ഇല്ലാത്തത്.
















