കൊച്ചി : അഭയക്കേസില്‍ കുറ്റാരോപിതനായ ഫാ. ജോസ് പൂതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കിയതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ നല്‍കിയ ഹര്‍ജിയില്‍ നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ജൂണ്‍ ഏഴിന് ഹര്‍ജി പരിഗണിക്കും.
ഫാ. ജോസ് പൂതൃക്കയിലിനും സിബിഐയ്‌ക്കും നോട്ടീസ് അയക്കാനാണ് സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചിട്ടുള്ളത്. കേസ് പരിഗണിച്ച തിരുവനന്തപുരം സിബിഐ കോടതി ജോസ് പൂതൃക്കയിലിനെതിരെ വിചാരണ നേരിടാനുള്ള തെളിവുകള്‍ ഇല്ലെന്നു വിലയിരുത്തി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ ഫാ. ജോസ് പൂതൃക്കയിലിനെതിരെ തെളിവില്ലെന്ന വിചാരണക്കോടതിയുടെ നിഗമനം ശരിയല്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കന്യാസ്ത്രീയായിരുന്ന സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27 നാണ് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം നല്‍കിയിരുന്നു.
സാക്ഷിമൊഴികള്‍ക്കു പുറമേ പോളിഗ്രാഫ്, നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിംഗ് തുടങ്ങിയ ടെസ്റ്റുകളുടെ ഫലവും ഫാ. പൂതൃക്കയിലിനെതിരെ നിലവിലുണ്ടെന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ നടപടി റദ്ദാക്കി വിചാരണ നേരിടാന്‍ നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
















