കൊച്ചി: മണ്ണിലും വിണ്ണിലും ആവേശം. പതിനായിരങ്ങളുടെ ഹൃദയം കീഴടക്കി ജന്മഭൂമിയുടെ രണ്ടാമത് താരനിശ. ദേശീയതയുടെ ശബ്ദം അറബിക്കടലിന്റെ റാണിയെ പുളകം കൊള്ളിച്ചപ്പോള്‍ കാണികളുടെ ആവേശം അലകടലായി.
ഇന്നലെ ഉച്ചയ്‌ക്കു ശേഷം കലൂര്‍ സ്റ്റേഡിയത്തിലേക്കു പതിനായിരക്കണക്കിന് പേരാണ് ജന്മഭൂമി താരനിശയില്‍ പങ്കെടുക്കാനെത്തിയത്. പുരസ്‌കാര സമര്‍പ്പണം കാണാന്‍ രാഷ്‌ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ ഒട്ടേറെ പ്രമുഖരുടെ നീണ്ട നിരയായിരുന്നു. ഉച്ചമുതല്‍ തന്നെ ആളുകള്‍ പരിപാടി കാണാന്‍ എത്തിത്തുടങ്ങി. നാലുമണിയോടെ മൈതാനം നിറഞ്ഞു കവിഞ്ഞിരുന്നു. മൈതാനത്തിനുപുറത്തും നൂറ് കണക്കിന് കലാപ്രേമികള്‍ തടിച്ച് കൂടിയിരുന്നു. ജന്മഭൂമിയുടെ പുരസ്‌കാര നിശയുടെ ഭാഗമാകാന്‍ ജില്ലയ്‌ക്കു പുറത്തുനിന്നും ജനങ്ങള്‍ ഒഴുകിയെത്തി.
ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി.മേനോന്‍, പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബല്‍റാം, പ്രാന്ത പ്രചാരക് പി.എന്‍.ഹരികൃഷ്ണകുമാര്‍, പ്രാന്ത ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വി. ഉണ്ണികൃഷ്ണന്‍, ചലച്ചിത്ര സംവിധായകരായ ജോഷി, മേജര്‍ രവി, നടി മേനക സുരേഷ്, ചിപ്പി, നിര്‍മ്മാതാവ് രഞ്ജിത്ത്, ടോമിച്ചന്‍ മുളകുപാടം തുടങ്ങി പ്രമുഖരുടെ വലിയ നിര സദസ്സിലുണ്ടായിരുന്നു.
















