ജമ്മു: പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് അസാധാരണ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ സൈന്യം ജാഗ്രത ശക്തമാക്കി. ഈ മാസം 19ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെ അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള നീക്കങ്ങളെ കരുതലോടെയാണ് സൈന്യവും പോലീസും കാണുന്നത്.
കത്വ ജില്ലയില്‍ അന്താരാഷ്‌ട്ര അതിര്‍ത്തിയോടു ചേര്‍ന്നാണ് പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് ചില നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതെന്ന് പോലീസ് വക്താവ് പറഞ്ഞു. കഴിഞ്ഞ രാത്രി പന്ത്രണ്ടു മണി മുതല്‍ വലിയൊരു സംഘം ആളുകള്‍ അതിര്‍ത്തിക്കപ്പുറത്തു പ്രത്യേക ദിശയില്‍ സഞ്ചരിക്കുന്നതാണ് കണ്ടത്. ഇനിയുള്ള ദിവസങ്ങളില്‍ പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരരെ അതിര്‍ത്തി കടത്തി വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് കരുതുന്നത്. അന്താരാഷ്‌ട്ര അതിര്‍ത്തിയോടു വളരെ ചേര്‍ന്നുള്ള തര്‍നാ അള്ളാ പ്രദേശത്താണ് ഭീകരരുടേത് എന്നു സംശയിക്കുന്ന നീക്കമുള്ളത്.
ഇന്ത്യന്‍ പോസ്റ്റുകളിലേക്ക് തുടര്‍ച്ചയായി നിറഴൊഴിച്ച് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ച് ഭീകരരെ കടത്തി വിടുന്നത് പാക് സൈന്യത്തിന്റെ പതിവു രീതിയാണ്.ജമ്മു, കത്വ, സാംബ ജില്ലകളില്‍ നിരീക്ഷണവും പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. മൂന്നോ നാലോ ഭീകരര്‍ അടങ്ങുന്ന ഒന്നിലേറെ സംഘങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തി കടന്നെത്തിയിട്ടുണ്ട് എന്ന സൂചനയും ലഭിച്ചിട്ടുണ്ട്. തര്‍നാ അള്ളായിലെ ലോണ്ട്-ബോബിയാന്‍ പ്രദേശത്തായിരുന്നു ഈ നുഴഞ്ഞുകയറ്റം.
















