കൊച്ചി: സര്‍ഗ്ഗപ്രതിഭകളെ ആദരിച്ച് കലാസാംസ്‌കാരിക രംഗത്തേയ്‌ക്ക് ജന്മഭൂമി ചുവടുവയ്‌പ് നടത്തിയത് കഴിഞ്ഞവര്‍ഷമാണ്. കോട്ടയത്ത് നടന്ന ലജന്‍ഡ്‌സ് ഓഫ് കേരള അവാര്‍ഡ്ദാനവും ചലച്ചിത്ര താരനിശയും നാലു പതിറ്റാണ്ടു പിന്നിട്ട ജന്മഭൂമിയുടെ ചരിത്രത്തിലെ പുതിയൊരേടായിരുന്നു. നടന്‍ മോഹന്‍ലാല്‍, മെട്രോമാന്‍ ഇ. ശ്രീധരന്‍ എന്നിവര്‍ ജന്മഭൂമിയുടെ ലജന്‍ഡ്‌സ് ഓഫ് കേരള പുരസ്‌കാരം സ്വീകരിച്ചു. ഒപ്പം, നടീനടന്മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും അവാര്‍ഡുകള്‍ സമ്മാനിച്ചു സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖര്‍ അണിനിരന്ന താരനിശ അക്ഷരനഗരിക്ക് പുതിയൊരു ഉത്സവലഹരിയാണ് സമ്മാനിച്ചത്.
അക്ഷരനഗരി നല്‍കിയ ആവേശത്തില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് ജന്മഭൂമി ലജന്‍ഡ്‌സ്് ഓഫ് കേരള പുരസ്‌കാര ദാനത്തിനും ചലച്ചിത്ര അവാര്‍ഡ് വിതരണത്തിനും അറബക്കടലിന്റെ തീരത്ത് അരങ്ങൊരുങ്ങുന്നത്.
മെയ് 18ന് കലൂര്‍ അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ സജ്ജമാക്കുന്ന പടുകൂറ്റന്‍ വേദിയിലാണ് ചടങ്ങുകള്‍. പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് ജി. സുരേഷ്‌കുമാറിന്റെ മേല്‍നോട്ടത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പുരസ്‌കാരദാനങ്ങള്‍ക്ക് പുറമെ സിനിമാരംഗത്തെ പ്രമുഖരായ ചിലരെ പ്രത്യേകം ആദരിക്കും. നൃത്തവും സംഗീതവും ഹാസ്യവും ഇടകലര്‍ന്ന താരനിശ പരിപാടിക്ക് മാറ്റുകൂട്ടും. അവാര്‍ഡ് വാങ്ങാനും നല്‍കാനുമായി മലയാള സിനിമയിലെ പ്രമുഖര്‍ എത്തും.
പ്രമുഖ സംവിധായകന്‍ ജി.എസ്. വിജയനാണ് താരനിശയുടെയും ആവിഷ്‌ക്കരണം. സംഗീത സംവിധായകന്‍ ബിജിബാലാണ് സംഗീത വിഭാഗത്തിന് നേതൃത്വം നല്‍കുക.
















