മാര്‍ഗാവ്: ഗോവയില്‍, ഭര്‍ത്താവിനെ കൊന്ന് ശരീരഭാഗങ്ങള്‍ നുറുക്കി, മൂന്നു ചാക്കുകളിലാക്കി കുഴിച്ചു മൂടിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. കര്‍ണാടകത്തിലെ ബെയ്ല്‍ഹൊങ്കല്‍ സ്വദേശി കല്‍പ്പന ബാരികി( 30 ) യാണ് അറസ്റ്റിലായത്. ടാക്‌സി ഡ്രൈവറായ ബസവരാജ് ബാരികി (38) യാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ഗോവയിലെ കര്‍ച്ചോറെമിലുള്ള ഫ്‌ളാറ്റില്‍ ദാരുണമായി കൊല്ലപ്പെട്ടത്. കല്‍പ്പനയുടെ അവിഹിത ബന്ധങ്ങളാണ്് സംഭവത്തിന് കാരണം.കാമുകന്മാരായ നാലുപേരുടെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്ന കല്‍പ്പന മൃതശരീരം മൂന്നു ഭാഗങ്ങളായി മുറിച്ചു മാറ്റി. അവ പിന്നീട് ചാക്കില്‍ കെട്ടി ഗോവ- കര്‍ണാടക അതിര്‍ത്തിയിലുള്ള അന്‍മോഡ്ഘട്ടിലെ ദൂത്‌സാഗറില്‍ മൂന്നിടങ്ങളിലായി കുഴിച്ചു മൂടി.
ഉത്തര ഗോവയില്‍ ടാക്‌സി ഡ്രൈവറാണ് ബസവരാജ്. രണ്ടാഴ്ചയില്‍ ഒരിക്കലാണ് ഇയാള്‍ വീട്ടിലെത്തിയിരുന്നത്. കല്‍പ്പനയുടെ പരപുരുഷ ബന്ധമറിഞ്ഞ ബസവരാജ് ഇതേച്ചൊല്ലി കലഹിക്കുക പതിവായിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവിനെ കാമുകന്മാരുടെ സഹായത്തോടെ കൊലപ്പെടുത്താന്‍ കല്‍പ്പന ഗൂഢാലോചന നടത്തിയത്.
കഴുത്തില്‍ കയര്‍ മുറുക്കിയാണ് കൊല നടത്തിയത്. കല്‍പ്പനയുടെ കാമുകന്മാരായ സുരേഷ് കുമാര്‍, പങ്കജ് പവാര്‍, അബ്ദുള്‍ ഷേഖ് തുടങ്ങിയവരും അറസ്റ്റിലായിട്ടുണ്ട്. ആദിത്യ ഗുജ്ജാര്‍ എന്നൊരാള്‍ കൂടി അറസ്റ്റിലാകാനുണ്ട്. ഭര്‍ത്താവിന്റെ ശരീരഭാഗങ്ങള്‍ കുഴിച്ചു മൂടിയ സ്ഥലം പോലീസിനു കാണിച്ചു കൊടുത്തതും കല്‍പ്പനയാണ്.
















