തുന്നെല്‍വേലി: തമിഴ്‌നാട്ടിലെ തിരുന്നെല്‍വേലിയില്‍ കുട്ടികളെ കടത്തുന്നവരെന്ന് ആരോപിച്ച് ജനക്കൂട്ടം 65കാരിയായ സ്ത്രീയെ തല്ലിക്കൊന്നു. മര്‍ദ്ദനത്തില്‍ സ്ത്രീയുടെ ബന്ധുക്കള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച നടന്ന സംഭവത്തില്‍ പോലീസ് 23 ഗ്രാമീണരെ അറസ്റ്റ് ചെയ്തു.
ഗ്രാമത്തിലെ ക്ഷേത്രം സന്ദര്‍ശിക്കുന്നതിനായി മലേഷ്യയില്‍ നിന്ന് ബന്ധുക്കളുമായി എത്തിയതായിരുന്നു സ്ത്രീ. രാവിലെ 10.30ഓടെയാണ് ഇവര്‍ എത്തിയത്. പരിസരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് ചോക്കളേറ്റ് വേണമോയെന്ന് ചോദിച്ചതാണ് ഇവരെ തെറ്റിദ്ധരിക്കാന്‍ കാരണമായതെന്ന് പോലീസ് പറയുന്നു. വാട്‌സാപ്പില്‍ വന്ന കുട്ടികളെ കടത്തുന്നവരെ പറ്റിയുള്ള മുന്നറിയിപ്പ് പ്രചാരണവും വിനയായി.
ജനക്കൂട്ടം ഒച്ചപ്പാടുണ്ടാക്കിയതോടെ ഇവര്‍ കാറില്‍ രക്ഷപ്പെട്ടതാണ്. എന്നാല്‍ വഴിമദ്ധ്യേ ജനക്കൂട്ടം തടയുകയും ആക്രമിക്കുകയുമായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് സ്ത്രീ കൊല്ലപ്പെട്ടത്. കുട്ടികളെ കടത്തിയതുമായി ബന്ധപ്പെട്ട് ഒരു പരാതിയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വാട്‌സാപ്പിലൂടെ പ്രചരിച്ചത് വ്യാജ വാര്‍ത്തയാണെന്നും പോലീസ് പറഞ്ഞു.
















