തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശവനിത ലിഗയുടെ ശവസംസ്കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും. തൈക്കാട് ശാന്തി കവാടത്തിലാണ് ചടങ്ങുകള്‍. ലിഗയുടെ സഹോദരി ഇലീസ് അടുത്തയാഴ്ച സ്വദേശത്തേയ്‌ക്ക് മടങ്ങും. തികച്ചും സ്വകാര്യ ചടങ്ങായാണു സംസ്‌കാരം നടത്തുക.
സംസ്കാരത്തിന് ശേഷം ചിതാഭസ്മം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും അവിടെ വീടിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ സൂക്ഷിക്കുമെന്നും എല്‍സ പറഞ്ഞു. ഞായറാഴ്ച വൈകിട്ടു നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ലിഗ അനുസ്മരണയോഗവും നടത്തും. ലിഗയെ തേടിയുള്ള അന്വേഷണത്തില്‍ കൂടെ നിന്നവരെല്ലാം പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇലീസ് വ്യക്തമാക്കി. ഇതുവരെയുള്ള തെരച്ചിലില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതിനാണു യോഗം.
അനുസ്മരണച്ചടങ്ങിലേക്കു മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ക്ഷണിച്ചിട്ടുണ്ട്. വരുമോ എന്ന് ഇരുവരും ഉറപ്പ് നല്‍കിയിട്ടില്ലെന്നും ഇലീസ് പറഞ്ഞു.
















