വിളപ്പില്‍(തിരുവനന്തപുരം): ഓര്‍മ്മയുണ്ടോ, ആതിരയെ. വൈകല്യത്തെ തോല്‍പ്പിച്ച് നൃത്തം ചെയ്ത് കലോത്സവ വേദികളില്‍ വിസ്മയം തീര്‍ത്ത നര്‍ത്തകി. ചിലങ്കകെട്ടി നൃത്തവേദിയില്‍ കയറിയാല്‍ മുദ്ര കാണിക്കാന്‍ ഇടംകൈ ഇല്ലെന്ന സത്യം മറക്കുന്ന പെണ്‍കുട്ടി. ആസ്വാദകര്‍ക്കും സൂക്ഷ്മമായി നിരീക്ഷിച്ചാലേ ആതിരയുടെ ഭിന്നശേഷി മനസിലാകൂ. അരുവിക്കര ഗവ. എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ആതിരയ്‌ക്ക് ഇനി താരപ്പകിട്ടും. ഓഗസ്റ്റ് സിനിമാസിന്റെ പുതിയ ചിത്രത്തിലാണ് ആതിര ശ്രദ്ധേയമായ വേഷത്തിലൂടെ വെള്ളിത്തിരയിലുമെത്തുന്നത്.
ചെറിയകൊണ്ണി കടമ്പനാട് ആതിരഭവനില്‍ ആതിര ഇടതുകൈ ഇല്ലാതെയാണ് ജനിച്ചത്. ഏകമകളുടെ വൈകല്യം സഹിക്കാനാകാതെ ആതിര ജനിച്ച് ആറാംമാസം സര്‍ക്കാര്‍ ആയുര്‍വേദകോളേജ് ജീവനക്കാരനായ അച്ഛന്‍ ശ്രീകുമാരന്‍ നായര്‍ ആത്മഹത്യ ചെയ്തു. എന്നാല്‍ ഭിന്നശേഷിയോടെ പിറന്ന മകളെ തനിച്ചാക്കി ജീവിതത്തില്‍ നിന്ന് ഒളിച്ചോടാന്‍ ആതിരയുടെ അമ്മ ലേഖയ്‌ക്കായില്ല. മകളെ ലോകമറിയുന്ന നര്‍ത്തകിയാക്കാന്‍ ആ അമ്മ ഉറപ്പിച്ചു.
എട്ടാം വയസുമുതല്‍ ആതിരയെ വെള്ളനാട് ശ്രീലക്ഷ്മി നൃത്തവിദ്യാലയത്തില്‍ ചേര്‍ത്തു പഠിപ്പിച്ചു. ബിന്ദു രാജേഷായിരുന്നു ഗുരു. വൈകല്യം ആതിരയ്‌ക്കു മുന്നില്‍ തോറ്റു പിന്മാറി. മോഹിനിയാട്ടം, ഭരതനാട്യം, കേരളനടനം, കുച്ചുപ്പുടി, നാടോടിനൃത്തം തുടങ്ങി ആതിരയ്‌ക്ക് വഴങ്ങാത്ത നൃത്ത ഇനങ്ങളില്ലെന്ന സ്ഥിതിയായി. സ്‌കൂള്‍, റവന്യു, ജില്ലാ കലോത്സവങ്ങളില്‍ ആതിര തുടര്‍ച്ചയായി സമ്മാനങ്ങള്‍ വാരിക്കൂട്ടി. അതും വൈകല്യം തളര്‍ത്താത്തവരോട് പൊരുതി. ഇക്കഴിഞ്ഞ കലോത്സവത്തിലും ആതിര പ്രതിഭ തെളിയിച്ചിരുന്നു. സ്വകാര്യ ചാനല്‍ ഷോകളിലും പ്രൊഫഷണല്‍ നൃത്ത വേദികളിലും സജീവ സാന്നിധ്യവുമാണ് ഈ മിടുക്കി.
ഇടംകൈയ്‌ക്ക് വഴങ്ങാത്ത മുദ്രകള്‍ വലംകൈയില്‍ വിരിയിച്ച് വിജയം ആവര്‍ത്തിക്കുകയാണ് ആതിരയുടെ രീതി. സിനിമയിലേക്ക് വരാന്‍ പരിമിതികള്‍ തടസമാകുമെന്ന ധാരണയായിരുന്നു ഇതുവരെ. എന്നാല്‍ കഥാപാത്രത്തെ കുറിച്ചറിഞ്ഞപ്പോള്‍ അതും തനിക്ക് നിഷ്പ്രയാസം സാധിക്കുമെന്ന് ആതിരയ്‌ക്ക് ബോധ്യമായി.
















