കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ ഒറ്റപ്പെട്ട സിപിഎം ന്യൂനപക്ഷത്തെ കൂടെ നിര്‍ത്താന്‍ മാപ്പിള കലാമേള നടത്തുന്നു. കണ്ണൂര്‍ നഗരത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കണ്ണൂര്‍ സിറ്റിയിലാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ മാപ്പിള കലോത്സവം നടക്കുന്നത്. മെയ് ആറു മുതല്‍ 10 വരെ എന്‍. അബ്ദുല്ല കള്‍ച്ചറല്‍ ഫോറത്തിന്റെയും മര്‍ഹബ സാംസ്‌കാരിക സമിതിയുടെയും നേതൃത്വത്തിലാണ് സിറ്റി ഫെസ്റ്റ് എന്ന പേരില്‍ മുസ്ലിം കലാമേള സംഘടിപ്പിക്കുന്നത്. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് സംഘാടനം.
സിപിഎം നിയന്ത്രണത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 18 മുസ്ലിം സാംസ്‌കാരിക സംഘടനകളിലൊന്നാണ് എന്‍. അബ്ദുല്ല കള്‍ച്ചറല്‍ ഫോറം. കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ നോമ്പുതുറയും മറ്റ് പരിപാടികളും സംഘടിപ്പിക്കാറുണ്ടെങ്കിലും ഇത്ര വിപുലമായ കലോത്സവം ആദ്യമാണ്. സിറ്റിയിലെ മാപ്പിളബേയിലാണ് കലാമേളയുടെ മുഖ്യവേദി ഒരുക്കുന്നത്. മേയ് ആറിനു ഘോഷയാത്രയോടെയാണു തുടക്കം. മന്ത്രിമാരും സാംസ്‌കാരിക നായകരും അതിഥികളായെത്തുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
മട്ടന്നൂര്‍ എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഷുഹൈബിന്റെ കൊലപാതകത്തെത്തുടര്‍ന്ന്, സിപിഎം നേതൃത്വം പ്രതിരോധത്തിലായിരുന്നു.
















